പത്തനംതിട്ട: ചാർജിങ്ങിനെക്കുറിച്ച് ആശങ്കകളില്ലാതെ വൈദ്യുതി വാഹനങ്ങൾ ഓടിക്കാൻ ജില്ലയിൽ ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല ഒരുക്കി കെ.എസ്.ഇ.ബി. ഇരുചക്ര-വൈദ്യുതി ഓട്ടോകൾക്കായി 33 പോൾ മൗണ്ടഡ് കേന്ദ്രങ്ങളും നാലുചക്ര വാഹനങ്ങൾക്കായി പത്തനംതിട്ട, പമ്പ, തിരുവല്ല എന്നിവിടങ്ങളിൽ മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമാണ് പ്രവർത്തനസജ്ജമായത്.
പോൾ മൗണ്ടഡ് കേന്ദ്രങ്ങളുടെ നിർമാണച്ചെലവ് 11.55 ലക്ഷവും മൂന്ന് ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങളുടേത് 60 ലക്ഷം രൂപയുമാണ്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പോൾ മൗണ്ടഡ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ശബരിമല സീസൺ അടുത്ത സാഹചര്യത്തിൽ വൈദ്യുതി വാഹനങ്ങളെ ആശ്രയിക്കുന്ന അയ്യപ്പഭക്തർക്കും ഈ കേന്ദ്രങ്ങൾ കൂടുതൽ പ്രയോജനപ്പെടും. കൂടുതൽ കേന്ദ്രങ്ങൾ ഭാവിയിൽ ഒരുക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.
വൈദ്യുതി ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ ഉതകുന്ന തരത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലുമായി 1165 പോൾ മൗണ്ടഡ് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.
നിർമാണച്ചെലവ് കുറവായതിനാൽ പോൾ മൗണ്ടഡ് ചാർജിങ് കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാം. കോഴിക്കോട് ജില്ലയിൽ 10 കേന്ദ്രങ്ങളിൽ നടപ്പാക്കിയ പദ്ധതി വിജയിച്ച സാഹചര്യത്തിലാണ് സംസ്ഥാനമാകെ വ്യാപിപ്പിച്ചത്. രണ്ടാംഘട്ടത്തിൽ സ്ഥാപിക്കുന്ന 1155 കേന്ദ്രങ്ങളിൽനിന്നാണ് ജില്ലയിൽ 33 എണ്ണം അനുവദിച്ചത്.
നാലുചക്ര വാഹനങ്ങൾക്കായി രണ്ടാം ഘട്ടത്തിൽ അനുവദിച്ച 31 കേന്ദ്രങ്ങളിൽനിന്നാണ് ജില്ലയിൽ മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ പൂർത്തിയായത്. 10 കിലോവാട്ട് മുതൽ 60 വരെ ശേഷിയുള്ള കേന്ദ്രങ്ങളാണ് ഇവ. രാജ്യത്ത് ഇപ്പോൾ വിപണിയിലുള്ളതും സമീപഭാവിയിൽ പ്രതീക്ഷിക്കാവുന്നതുമായ എല്ലാ കാറുകളും ചാർജ് ചെയ്യാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനുകൾ പ്രവർത്തിക്കാൻ ഓപറേറ്ററുടെ ആവശ്യമില്ല. ചാർജിങ്ങിന്റെ പണമടക്കുന്നതും ഡ്രൈവർക്ക് സ്റ്റേഷന്റെ ലൊക്കേഷൻ, അവിടെ ലഭ്യമായ ചാർജറുകളുടെ വിവരങ്ങൾ എന്നിവ അറിയാൻ മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ വിശ്രമസൗകര്യവും സൗരോർജ മേൽക്കൂരകളും സ്ഥാപിക്കാൻ നടപടി സ്വീകരിച്ച് വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.എൻ. പ്രസാദ്, എക്സിക്യൂട്ടിവ് എൻജിനീയർ എ.വി. ഹരികുമാർ, നൈനാൻ സി. മാത്യൂസ്, അൻഷാദ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.