പത്തനംതിട്ട: നിർമാണത്തിന് ആവശ്യമായ എ ഗ്രേഡ് ഗുണനിലവാരമുള്ള മണ്ണ് ലഭിക്കാൻ വൈകുന്നതിനാൽ ജില്ല ആസ്ഥാനത്തെ സ്റ്റേഡിയം നിർമാണം വീണ്ടും മന്ദഗതിയിൽ. തുടർച്ചയായ മഴയും നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയിൽ മണ്ണ് ലഭിക്കുന്ന പ്രദേശങ്ങളിൽനിന്ന് മണ്ണിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. എന്നാൽ, ഇവിടങ്ങളിലെ മണ്ണിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് മണ്ണിന് ക്ഷാമം നേരിട്ടത്. സ്റ്റേഡിയത്തിന്റെ ഉയരം വർധിപ്പിക്കുന്നതിനായാണ് മണ്ണ് എത്തിക്കുന്നത്.
തുടക്കത്തിൽ മലയാലപ്പുഴ, കോന്നി തുടങ്ങിയ മേഖലകളിൽനിന്ന് മണ്ണെത്തിച്ച് കുറച്ചു ഭാഗം നികത്തി. സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗത്താണ് അന്ന് മണ്ണിട്ട് നികത്തിയത്. സിന്തറ്റിക് ട്രാക്കിന് എ ഗ്രേഡ് നിലവാരമുള്ള മണ്ണാണ് ഉപയോഗിക്കുന്നത്. മണ്ണിന്റെ ദൗർലഭ്യം നിർമാണം നടത്തുന്ന എൻജിനീയർമാർ കലക്ടറെ അറിയിച്ചിരുന്നു.
ഇതേതുടർന്ന് ജിയോളജി വകുപ്പിനോട് നിർമാണത്തിന് ആവശ്യമായ മണ്ണ് കണ്ടെത്താൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. സ്റ്റേഡിയം നിലനിൽക്കുന്ന 12 ഏക്കറും മണ്ണിട്ട് ഉയർത്തണം. ഗ്രൗണ്ട് ഒന്നരമീറ്ററും താഴ്ന്നതും ചതുപ്പുപോലുള്ളതുമായ ഭാഗങ്ങൾ മൂന്നുമീറ്ററും ബാക്കിഭാഗം അരമീറ്ററുമാണ് ഉയർത്തുന്നത്. ഇങ്ങനെ മണ്ണിട്ട് സ്റ്റേഡിയം മുഴുവനും ഉയർത്തിയതിനുശേഷം മാത്രമേ നീന്തൽക്കുളങ്ങളുടെ നിർമാണവും മറ്റും തുടങ്ങാൻ സാധിക്കുകയുള്ളൂ.
ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുന്നുണ്ട്. പവിലിയനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടങ്ങളുടെ പൈലിങ് കഴിഞ്ഞിട്ടും മഴ കാരണം പണിയൊന്നും കാര്യമായി തുടങ്ങിയിട്ടില്ല. ഓട മാറ്റി സ്ഥാപിക്കാൻ എടുത്ത കുഴികളിൽ മഴവെള്ളം നിറഞ്ഞുകിടക്കുകയാണ്. സ്റ്റേഡിയമാകെ ചളിനിറഞ്ഞുകിടക്കുകയാണ്. കൂടാതെ നിർമാണത്തിന് എത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കാനാകാതെയും കിടക്കുന്നു.
ഒമ്പത് ലൈനുള്ള സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ നടത്താനുള്ള ഗ്രൗണ്ട്, മൂന്ന് നീന്തൽക്കുളം, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലനത്തിനും മത്സരത്തിനുമുള്ള സംവിധാനങ്ങൾ, ഓഫിസ്, സ്പോർട്സ് കൗൺസിൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ.
48 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുകയിൽനിന്ന് കിഫ്ബി വെട്ടിച്ചുരുക്കൽ നടത്തിയിരുന്നു. ഇതോടെ വിശദ പദ്ധതിരേഖ വീണ്ടും പുതുക്കേണ്ടിവന്നു. 50 കോടിയാണ് സർക്കാർ സ്റ്റേഡിയത്തിന് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് കിഫ്ബി ഇത് 48 കോടിയാക്കി ചുരുക്കുകയായിരുന്നു.
നിലവിലുള്ള പവിലിയൻ കെട്ടിടം ഉൾപ്പെടെയുള്ളവക്ക് കാര്യമായ പ്രശ്നമില്ലാത്തതിനാൽ, പൊളിച്ചുപണിയുന്നത് അധികച്ചെലവ് സൃഷ്ടിക്കുമെന്ന ന്യായം പറഞ്ഞാണ് രണ്ട് കോടി കുറച്ചത്. അങ്ങനെയാണ് ഇവ വിപുലീകരിക്കാൻ തീരുമാനമായത്. നിലവിൽ സ്റ്റേഡിയത്തിലെ ട്രാക്കുകളുണ്ടായിരുന്ന സ്ഥലത്തു തന്നെയാണ് സിന്തറ്റിക് ട്രാക്കുകളും വരുന്നത്.
കൂടാതെ സ്റ്റേഡിയത്തിനോട് ചേർന്ന ചതുപ്പ് ഭാഗത്ത് ഇൻഡോർ സ്റ്റേഡിയവും നീന്തൽക്കുളവും നിർമിക്കും. കിഫ്ബിയുടെയും ഊരാളുങ്കലിന്റെയും 12 എൻജിനീയർ മാർക്കാണ് പദ്ധതി മേൽനോട്ടം. കേന്ദ്ര, സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.