പത്തനംതിട്ട: ഒക്ടോബർ, നവംബർ മാസങ്ങളിൽ 181 ശതമാനം അധികമഴ ലഭിച്ചിട്ടും വേനൽ ആദ്യപാദത്തിൽതന്നെ ജില്ല ജലക്ഷാമത്തിലേക്ക്. ജലസ്രോതസ്സുകൾ മിക്കതും വറ്റാൻ തുടങ്ങി. ഒരുമാസം മുമ്പ് പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടായ നാടാണെന്ന് ഇപ്പോൾ ആരും പറയില്ല.
വരും ദിവസങ്ങളിൽ ചൂടിെൻറ കാഠിന്യം കൂടാനുള്ള സാധ്യത പരിഗണിച്ചാൽ ഇത്തവണ കടുത്ത വരൾച്ചയാകും ഉണ്ടാവുക. മലയോര മേഖലകളിൽ കിണറുകൾ വറ്റാൻ തുടങ്ങി. പലരും വാഹനങ്ങളിൽ വെള്ളം എത്തിക്കുകയാണ്. പ്രളയത്തിൽ ചളിയും അഴുക്കും നിറഞ്ഞുകിടക്കുന്നതിനാൽ പല സ്ഥലത്തും ശുദ്ധജല പദ്ധതികളുടെ പമ്പിങ് സുഗമമായി നടക്കുന്നില്ല. പത്തനംതിട്ട നഗരസഭ പ്രദേശത്ത് കല്ലറക്കടവ് പമ്പ് ഹൗസിലും ഇതാണ് അവസ്ഥ. നഗരത്തിലെ പല വാർഡുകളിലും വെള്ളം കിട്ടാതെ വന്നതോടെ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസിൽ പരാതിയുമായി കയറിയിറങ്ങുകയാണ്.
നഗരത്തിൽ പലയിടത്തും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പതിവായിട്ടുണ്ട്. മലയോര മേഖലയായ കോന്നി, അരുവാപ്പുലം, ചിറ്റാർ, നാറാണംമൂഴി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായി. കൈത്തോടുകളും ചെറു ജലാശയങ്ങളും വരണ്ടു.
ഗ്രാമീണർ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്. അച്ചൻകോവിലാറും കല്ലാറും വരണ്ടുതുടങ്ങി. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയ പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ല.
തണ്ണിത്തോട്ടിലൂടെ കടന്നുപോകുന്ന കല്ലാർ നദിയുടെ മിക്ക ഭാഗങ്ങളും വറ്റി. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്. ജല അതോറിറ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ച തുടർച്ചയായി വെയിലടിച്ചതോടെ വെള്ളം ഇത്രയേറെ വറ്റിയത് നദിതീര വാസികളെ ആശങ്കയിലാക്കി. പമ്പയിലും മണിമലയാറ്റിലും മിക്ക ഭാഗങ്ങളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. വേനലിനെ നേരിടാൻ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ തയാറെടുപ്പുകൾക്കൊന്നും ജല അതോറിറ്റി തുനിഞ്ഞിട്ടില്ല.
പൊട്ടിയതും പൊട്ടാൻ സാധ്യതയുള്ളതുമായ പൈപ്പുകൾ മാറ്റിസ്ഥാപിക്കുക, ഉയർന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്ന് ഉറപ്പാക്കുക, മോട്ടറുകളുടെയും വിതരണ പൈപ്പുകളുടെയും അറ്റകുറ്റപ്പണി പൂർത്തീകരിക്കുക തുടങ്ങിയ നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്ന് വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.