പന്തളം: പിടിച്ചുപറിക്കാരുടെ ശല്യം രൂക്ഷമായതോടെ പന്തളത്ത് സ്ത്രീകൾക്ക് വഴിനടക്കാൻ കഴിയാത്ത സാഹചര്യം. തിരക്കൊഴിഞ്ഞ വഴികളിൽ ഇവരുടെ ആക്രമണം ഭയന്നാണ് സ്ത്രീകളുടെ സഞ്ചാരം. ഒരാഴ്ചക്കിടെ മൂന്നു സ്ത്രീകളാണ് ആക്രമണത്തിന് ഇരകളായത്.
ഹെൽമറ്റ് വെച്ച് ബൈക്കിലെത്തിയാണ് സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്നത്. സി.സി ടി.വി കാമറ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. എല്ലാ മോഷണത്തിലും ഒരു വ്യക്തിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ബുധനാഴ്ച വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കവർച്ചക്കാരൻ കടന്നതാണ് അവസാന സംഭവം.
പന്തളം തോന്നല്ലൂർ ഉഷസ്സ് താരവീട്ടിൽ ഉഷാദേവിയുടെ (65) രണ്ടര പവന്റെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. പന്തളം എൻ.എസ്.എസ് കോളജിന് എതിർവശത്തെ വീടിനു മുന്നിൽ മൂർത്തിഅയ്യത്ത്-ചുടലമുക്ക് റോഡിൽ നിൽക്കുകയായിരുന്നു ഉഷാദേവി. ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയാണ് മാല കവർന്നത്.
ആറു ദിവസം മുമ്പ് പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ പാർട്ട് ടൈം ജീവനക്കാരി പന്തളം കടയ്ക്കാട് തെക്ക് അനീഷ് ഭവനിൽ തങ്കമണിയുടെ (54) മാലയും ഇതേപോലെ നഷ്ടപ്പെട്ടിരുന്നു. വൈകീട്ട് 3.45ഓടെ ജോലി കഴിഞ്ഞ് കോളജിന് സമീപത്തുള്ള പട്ടിരേത്ത് റോഡിലൂടെ സഹോദരി ശാന്തമ്മക്കൊപ്പം പോകുമ്പോഴാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തോന്നല്ലൂർ ദേവീക്ഷേത്ര കാണിക്കവഞ്ചിക്കു സമീപവും ഇതേപോലെ മാല കവരാൻ ശ്രമം നടന്നിരുന്നു. വഞ്ചിക്കു സമീപത്തെ റോഡിലൂടെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂൾ അധ്യാപികയുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്.
എം.സി റോഡിൽനിന്ന് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് അധ്യാപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചാണ് മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ലെങ്കിലും കഴുത്തിന് സാരമായി പരിക്കേറ്റു.
വ്യത്യസ്തസംഭവങ്ങളിൽ പൊലീസ് കണ്ടെത്തിയ സി.സി ടി.വിയിൽ ഒരു വ്യക്തി തന്നെയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എസ്.ഐ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സമീപങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹെൽമറ്റും മാസ്കും ധരിച്ച് കാവി ലുങ്കിയുടുത്ത ഒരാളുടെ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.