പത്തനംതിട്ട: നാടിനെ തെരുവുനായ്ക്കൾ വീണ്ടും കടിച്ചുകീറിമ്പോഴും ജില്ലയിലെ വന്ധ്യംകരണം (അനിമൽ ബർത്ത് കൺട്രോൾ -എ.ബി.സി) പദ്ധതി എങ്ങുമെത്തിയില്ല. ഒന്നേകാൽ കോടി ഫണ്ടുണ്ടായിട്ടും വന്ധ്യംകരിക്കുന്നതിന് സൗകര്യമൊരുക്കാൻ കെട്ടിടം നിർമിക്കാനുള്ള സ്ഥലം ലഭിച്ചില്ല. ഇവയെ പിടിക്കാൻ പരിശീലനം ലഭിച്ചവരുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം കിട്ടാത്തത് മറ്റൊരു തടസ്സമാണ്.
എ.ബി.സി പദ്ധതിക്കായി ജില്ല പഞ്ചായത്ത് ഭൂമി കണ്ടെത്തിയെങ്കിലും സർക്കാർ അനുമതി ലഭിച്ചില്ല. റവന്യൂ ഭൂമി കൈമാറുന്നത് സംബന്ധിച്ച് നടപടി പൂർത്തിയാകാനുണ്ട്. സർക്കാറിന്റെ മദ്യനിർമാണ കമ്പനിയായ പുളിക്കീഴ് ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡിനോട് ചേർന്ന സ്ഥലമാണ് കണ്ടെത്തിയത്. 2018ലെ പ്രളയത്തിൽ കടപ്ര വില്ലേജ് ഓഫിസിൽ വെള്ളം കയറിയപ്പോൾ ഭൂമിസംബന്ധമായ ഫയലുകൾ നശിച്ചുപോയിരുന്നു.
പിന്നീട് താലൂക്കിൽനിന്നും റവന്യൂ വകുപ്പിൽനിന്നും രേഖകൾ സമാഹരിച്ചു. സ്ഥലം വിട്ടുനൽകുന്നതിന് റവന്യൂ വിഭാഗം തയാറാണെന്നറിയുന്നു. ഇവിടെ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിട്ടത്. എന്നാൽ, നടപടി അനന്തമായി നീളുകയാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ല പഞ്ചായത്തും ചേർന്ന് കെട്ടിട നിർമാണത്തിനായി സമാഹരിച്ച തുക ചെലവഴിക്കാനാകാതെ കിടക്കുകയാണ്.
തെരുവുനായ്ക്കളുടെ ശല്യം കഴിഞ്ഞവർഷം രൂക്ഷമായപ്പോൾ കൂടുവെച്ച് പിടിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചിരുന്നു. ഒന്നിനെ പിടിക്കുന്നതിന് 300 രൂപ വീതം തദ്ദേശ സ്ഥാപനങ്ങൾ നൽകി. കൂടുകൾ വാങ്ങാനും പണം അനുവദിച്ചു.
ഒരു ബ്ലോക്കിൽ ഒരു എ.ബി.സി സെന്റർ എന്നതായിരുന്നു സർക്കാർ ചട്ടം. എന്നാൽ, പല ബ്ലോക്കുകളും ഇതിനു സ്ഥലം അനുവദിച്ചില്ല. കൊടുമൺ മൃഗാശുപത്രിക്ക് പിന്നിൽ എ.ബി.സി സെന്റർ തുടങ്ങാനുള്ള നടപടി പുരോഗമിച്ചെങ്കിലും ജനകീയ പ്രതിഷേധത്തിനൊപ്പം ജനപ്രതിനിധികളും ചേർന്നതോടെ പദ്ധതി ഉപേക്ഷിച്ചു.
ജില്ലയിൽ പരിശീലനം നേടിയ 19 നായ് പിടിത്തക്കാരുണ്ട്. തൃശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽനിന്ന് 15 ദിവസത്തെ പരിശീലനം നേടിയവരാണ് ഇവർ. ജില്ല പഞ്ചായത്ത് ഇവർക്ക് യൂനിഫോമും നൽകിയിട്ടുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും മൂന്ന് നായ് പിടിത്തക്കാർ വേണമെന്നാണ് സർക്കാർ ചട്ടം. ഇതിനായി അപേക്ഷ ക്ഷണിച്ചെങ്കിലും 19 പേരെ മാത്രമാണ് ലഭിച്ചത്. തെരുവുനായ്ക്കൾ കൂടുതലുള്ള നഗരസഭകളിൽനിന്ന് പരിശീലകരെ ലഭിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.