വില വർധനക്ക് കാരണം കേന്ദ്രസര്‍ക്കാർ നടപടികൾ
പത്തനംതിട്ട: റബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡിന്റെ വൻ വിലവർധന റബർ കർഷകരെ വലക്കുന്നു. വിലയിടിവുമൂലം വലയുന്ന റബർ കർഷകർക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്ക് ആസിഡ് വില ഉയർന്നു.
ആസിഡിന് ഇരട്ടിയോളം രൂപയാണ് കൂടിയത്. കഴിഞ്ഞ ഡിസംബറിൽ അഞ്ചുകിലോ ആസിഡിന് 650 രൂപയായിരുന്നു വില. ഇപ്പോഴത് 1200 രൂപയാണ്. രാസവളങ്ങൾക്കും ഇതുപോലെ വില വർധിച്ചു. യൂറിയയുടെ കുറവാണ് വിലവർധനവിന് കാരണമെന്ന് പറയുന്നു. ആസിഡിന്റെ വിലവർധനവ് മറ്റു ചെലവുകളും കൂടാൻ ഇടയാകും.
കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് ആസിഡിന്റെയും രാസവളങ്ങളുടെയും വില നിയന്ത്രണ സംവിധാനം. കേന്ദ്രസര്‍ക്കാറിന്റെ നടപടികളാണ് വിലവര്‍ധനവിന് കാരണം.
റബറിന്റെ പൊതുവേയുള്ള വിലയിടിവിൽ കർഷകർ നട്ടംതിരിയുന്നതിനിടയിലാണ് അനുബന്ധ കാർഷിക സാമഗ്രികൾക്ക് വില കുത്തനെ ഉയർത്തുന്നത്. ഉൽപാദനച്ചെലവും വിലയും തട്ടിച്ചാൽ കാര്യമായ വരുമാനമൊന്നും കർഷകർക്ക് ലഭിക്കുന്നില്ല. പലതും നഷ്ടത്തിലും കലാശിക്കുന്നു.
ഇത്തരത്തിൽ നഷ്ടമായ നിരവധി തോട്ടങ്ങളാണ് ടാപ്പിങ് നടത്താതെ കാടുകയറി വെറുതെയിട്ടിരിക്കുന്നത്. ടാപ്പിങ്ങിനുശേഷം സംഭരിക്കുന്ന റബർപാൽ ഉറകൂട്ടി ഷീറ്റ് ആക്കാൻ ഫോർമിക് ആസിഡാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.