പത്തനംതിട്ട: ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ മാസം 28, 29, 30 തീയതികളിൽ അടൂർ സ്മിത തിയറ്ററിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 5.30ന് സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. ലോക സിനിമ വിഭാഗത്തിൽ എട്ടും ഇന്ത്യൻ സിനിമ വിഭാഗത്തിൽ രണ്ടും മൂന്ന് മലയാള ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
'സ്വയംവരം' ചിത്രത്തിന്റെ 50ാം വാർഷികം പ്രമാണിച്ച് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഇതോടനുബന്ധിപ്പിച്ച് സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്ര മത്സരവിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മികച്ച ചിത്രം, രണ്ടാമത്തെ മികച്ച ചിത്രം, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, മികച്ചനടൻ, നടി എന്നീ ഇനങ്ങളിലായി ഏഴ് അവാർഡ് സമാപന ചടങ്ങിൽ വിതരണം ചെയ്യും. സമാപന ചടങ്ങ് ചലച്ചിത്ര സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരിക്കും. 29ന് നടക്കുന്ന ഓപൺ ഫോറത്തിൽ 'മലയാള സിനിമ പുതിയ ദിശകൾ, പുതിയ വെല്ലുവിളികൾ' വിഷയത്തിൽ സെമിനാർ നടക്കും.
സിനിമേറ്റ്സ് ഫിലിം സൊസൈറ്റി, അടൂർ നഗരസഭ, സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജനറൽ കണവീനർ സി. സുരേഷ്ബാബു, സെക്രട്ടറി രാജീവ് പെരുമ്പുഴ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.