പത്തനംതിട്ട: അടൂര്‍-മണ്ണടി റോഡ് നിര്‍മാണത്തിൽ കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി. പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. ബിനുവിനെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പൊതുമരാമത്ത് സെക്രട്ടറിയാണ് എന്‍ജിനീയർക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. അടൂര്‍-വെള്ളക്കുളങ്ങര-മണ്ണടി റോഡ് നിര്‍മാണത്തില്‍ 20.72 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലെ കള്ളക്കളികള്‍ വെളിച്ചത്തായത്. കരാറുകാരനായ രാജി മാത്യു, പി.ഡബ്ല്യു.ഡി പന്തളം മുന്‍ അസി.എന്‍ജിനീയര്‍ എം.ആര്. മനുകുമാര്‍, അടൂര്‍ മുന്‍ അസി. എക്സി. എന്‍ജിനീയര്‍ ബി. ബിനു എന്നിവര്‍ ചേര്‍ന്ന് നടത്തിയ ക്രമക്കേടുകളിലൂടെ പൊതുഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തല്‍. ഇതേതുടര്‍ന്ന് വിജിലന്‍സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്താണ് തുടരന്വേഷണം പ്രഖ്യാപിച്ചത്.
അടൂര്‍-മണ്ണടി റോഡ് നിര്‍മാണം നടന്നത് 2021-22 കാലയളവിലാണ്. കോട്ടയം സ്വദേശി രാജി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. മെറ്റല്‍, മണല്‍, ടാര്‍ എന്നിവ വേണ്ടത്ര അളവില്‍ ഉപയോഗിക്കാതെയാണ് നിര്‍മാണം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാന വ്യാപകമായി ഈ കാലയളവില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ നിർദേശത്തെ തുടര്‍ന്നാണ് അടൂര്‍-മണ്ണടി റോഡിന്റെ നിര്‍മാണം പത്തനംതിട്ട വിജിലന്‍സ് അന്വേഷിച്ചത്. വെട്ടിപ്പ് നടന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.