അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ 23കാരന് ജീവപര്യന്തം ശിക്ഷ. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ അജിത്തിനെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരവധി തവണ ലൈംഗീക പീഡനം നടത്തിയതിന് ജീവപര്യന്തം കഠിനതടവും മറ്റ് പോക്സോ ആക്ടുകൾ പ്രകാരം 26 വർഷം തടവും 3,20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷം കൂടി അധികം തടവ് അനുഭവിക്കണമെന്നും വിധിച്ചു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് കേസ്. 2022 ജനുവരി മാസം മൂന്നിന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വീട്ടിൽ താമസിച്ച് ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും അമ്മൂമ്മയുടെ സ്വർണ്ണമാലയും കൈക്കലാക്കി.
മാല കാണാത്തതിനെ തുടർന്ന് അമ്മൂമ്മ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.എച്ച്.ഒ. റ്റി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിതാ ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.