അടൂര്‍: രാഷ്ട്രപിതാവിന്റെ പേര് എങ്ങനെ മോശമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 2023 ജനുവരിയില്‍ നവീകരണോദ്ഘാടനം കഴിഞ്ഞതാണ്. ഒരു വര്‍ഷമായിട്ടും തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ല. ചുറ്റുമതില്‍ നിലംപൊത്തിയ അവസ്ഥയാണ്.
മേല്ക്കൂരയെല്ലാം പായല്‍ കയറി ഏതുനിമിഷവും വീഴാവുന്ന സാഹചര്യവുമുണ്ട്. തറ ടൈല്‍പാകി മനോഹരമാക്കുന്നതിനും മേല്‍ക്കൂര സ്ഥാപിക്കുന്നതും കുട്ടികള്‍ക്ക് കളിക്കാൻ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏരിയ ഉണ്ടാക്കാനും പൂന്തോട്ടം നിര്‍മിക്കുന്നതും രൂപരേഖയില്‍ ഉണ്ടായിരുന്നു. ഓപണ്‍ സ്റ്റേജ് നവീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
പക്ഷേ, പദ്ധതി മാത്രം നടപ്പായില്ല.28 വര്‍ഷം മുമ്പാണ് മൈതാനത്തിന് ഗാന്ധി സ്മൃതി എന്ന പേര് നല്‍കിയത്. അന്നത്തെ ആര്.ഡി.ഒ കെ.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലാണ് മൈതാനം നവീകരിച്ച് ഓപണ്‍ എയര്‍ ഓഡിറ്റോറിയമാക്കിയതും ഗാന്ധി സ്മൃതി മൈതാനം എന്ന പേരു നല്കിയതും. പ്രധാന കവാടത്തിനു മുന്നിന് ഗാന്ധി പ്രതിമയും പിന്നീട് സ്ഥാപിച്ചു.
മൈതാനം 2014-15ല്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ടൈല്‍ പാകി കുട്ടികളുടെ കളിക്കോപ്പുകള്‍ സ്ഥാപിക്കുകയും ചുറ്റുമതില്‍ പെയിന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇത് കൃത്യമായി സംരക്ഷിക്കാത്തതിനാല്‍ ഇതെല്ലാം നശിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊലീസ് സേനയും കുട്ടികളും ഇവിടെ വൃത്തിയാക്കാറുണ്ട്. പക്ഷേ, സ്ഥിരമായി വൃത്തിയാക്കാനുള്ള ഒരു സംവിധാനം ഇവിടെയില്ല. ഇവിടം നഗരസഭ ഏറ്റെടുത്ത് കുട്ടികളുടെ പാര്‍ക്കാക്കി മാറ്റണമെന്നു നഗരവാസികള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.