ക​ട​മ്പ​നാ​ട് ക​വ​ല

കുരുക്കിന്‍റെ കടമ്പകടക്കാതെ കടമ്പനാട്

അടൂർ: അടൂർ-ശാസ്താംകോട്ട പാത പൊതുമരാമത്ത് വകുപ്പിൽനിന്ന് ദേശീയപാത വിഭാഗം ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായിട്ടും കടമ്പനാടിന് വികസനം അന്യം. ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയുടെ ഭാഗമാണ് കടമ്പനാട്. ഏനാത്ത് മിനി ഹൈവേയും ചക്കുവള്ളി പാതയും സന്ധിക്കുന്ന കവല പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്.

മിനി ഹൈവേ വീതികൂട്ടി നവീകരിച്ചിട്ടുണ്ടെങ്കിലും ദേശീയപാതയുടെ അവസ്ഥ പരിതാപകരമാണ്. നവീകരണ ഭാഗമായി പരമാവധി സ്ഥലം ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും ജങ്ഷന്‍ ഇപ്പോഴും വീർപ്പുമുട്ടുകയാണ്. ആളുകളെ കയറ്റാൻ ബസുകള്‍ നിര്‍ത്തുന്ന സമയങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്.

പ്രത്യേകം ബസ്‌ബേ ഒരുക്കാനുള്ള സ്ഥലം ജങ്ഷനിലില്ല. നടുറോഡിലാണ് ബസുകള്‍ നിര്‍ത്തുന്നത്. ഇതിനൊപ്പം ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളും മിനി ഹൈവേയില്‍നിന്നും ചക്കുവള്ളി റോഡില്‍നിന്നും വരുന്ന വാഹനങ്ങളുംകൂടി ആകുന്നതോടെ കുരുക്കി‍െൻറ ദൈര്‍ഘ്യം വര്‍ധിക്കും.

പാര്‍ക്കിങ് സ്ഥലപരിമിതിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. കടകളില്‍ വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യമില്ല. കടകളിലേക്ക് ലോഡ് ഇറക്കാന്‍ വരുന്ന വലിയ വാഹനങ്ങള്‍കൂടി കുരുക്കിന് ആക്കം കൂട്ടുന്നു.

പഞ്ചായത്തിലെ പ്രധാന കവല ആയിട്ടും അതിനുവേണ്ട ഒരു ക്രമീകരണവും ഒരുക്കിയിട്ടില്ല. ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കിയിട്ട് കാലങ്ങളാകുന്നു. രാത്രി സാമൂഹികവിരുദ്ധരുടെ ശല്യവുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാന്‍ കാമറ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും നടപ്പായില്ല.

എല്‍.കെ.ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്താല്‍ റോഡിൽ വെള്ളക്കെട്ടാകും. ഇതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കടമ്പനാട് കവലയുടെ മുഖച്ഛായ മാറ്റാന്‍ കഴിയും. സ്‌കൂള്‍ സമയത്തും മറ്റും ജങ്ഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കടമ്പനാട് ബൈപാസ് എന്ന ആശയമാണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. അത് നടപ്പാക്കാനുള്ള പദ്ധതികള്‍ ഉണ്ടാവണം.

Tags:    
News Summary - adoor sasthamcotta road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.