അടൂർ: ആറു പതിറ്റാണ്ടിനുശേഷം അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവേശനം നേടുന്ന ആദ്യ പെൺകുട്ടിയായി അനിലക്ഷ്മി. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നേടിയത്.
1917ൽ സ്ഥാപിതമായ അടൂർ ഗവ. ബോയ്സ് സ്കൂൾ ആൺ-പെൺകുട്ടികൾ ഒരുമിച്ച് പഠിക്കുന്ന സ്കൂളായാണ് തുടങ്ങിയത്.
എന്നാൽ, കുട്ടികളുടെ ബാഹുല്യം കാരണം 1961ൽ ബോയ്സും ഗേൾസുമായി വേർപിരിഞ്ഞു. 2021ൽ അടൂർ ഗവ. ബോയ്സ് സ്കൂളിലെ അധ്യാപക-രക്ഷാകർതൃ സമിതി പെൺകുട്ടികളെ സ്കൂളിൽ ചേർക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാറിന് അയച്ചു. ഇതേ തുടർന്ന് സ്കൂളിൽ പെൺകുട്ടികളെയും ഹൈസ്കൂൾ വിഭാഗത്തിൽ പ്രവേശിപ്പിക്കാം എന്ന് മേയ് 26ന് സർക്കാർ ഉത്തരവ് വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിലക്ഷ്മി പ്രവേശനം നേടിയത്.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് അനിലക്ഷ്മിക്ക് ഗംഭീര വരവേൽപ് നൽകി. സ്വാഗത സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ മൂലയിൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ. ഹരിപ്രസാദ്, പ്രിൻസിപ്പൽ സജി വർഗീസ്, പ്രധാനാധ്യാപിക സന്തോഷ് റാണി, മുൻ പ്രധാനാധ്യാപകൻ എ. മൻസൂർ, പി.ആർ. ഗിരീഷ്, കെ. അനിൽകുമാർ, ഉദയൻപിള്ള എന്നിവർ സംസാരിച്ചു.
1997ൽ ഹയർ സെക്കൻഡറി തുടങ്ങിയപ്പോൾ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ അഞ്ച് മുതൽ പത്ത് വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾ മാത്രമായി തുടരുകയായിരുന്നു. അനിലക്ഷ്മിക്ക് അടുത്ത ദിവസങ്ങളിൽ കൂടുതൽ കൂട്ടുകാർ എത്തുമെന്ന് അധ്യാപകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.