അടൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിച്ച കേസുകളിലെ പ്രതികൾ അറസ്റ്റിലായി. ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദിനെ(37) അടൂർ പൊലീസും തൃശൂർ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗിനെ (24) തൃശൂർ സിറ്റി സാഗോക് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്.
അനുരാഗിനൊപ്പം തൃശൂരിലെ കേസിലുൾപ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജുദ്ദീനെയും(സാജു-31) തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയായ അനുരാഗും വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നിഷാദും ജയിലിൽ കഴിയവെയാണ് സുഹൃത്തുക്കളായത്. ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലത്തെത്തി നിഷാദുമായി ചേർന്ന് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം പതിമൂന്നാം തീയതി അടൂർ ഏഴംകുളം പട്ടാഴിമുക്ക് ജങ്ഷന് സമീപം പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസിൽ അന്വേഷണം നടന്നുവരവേയാണ് പിടിയിലായത്.
നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്, വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. പുനലൂർ, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ മനസ്സിലായതിനെ തുടർന്ന് വിവിധ ജില്ലകളിലെ പൊലീസ് സംഘങ്ങൾ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് 11 ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പരിധിയിൽ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിൽ അനുരാഗിനെ തൃശൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ തൃശ്ശൂർ പൊലീസ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സംഘത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെ അടൂർ പൊലീസ് പിടികൂടിയത്.
മോഷണം നടത്തി കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങിനടന്നും, മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ആർഭാട ജീവിതമാണ് പ്രതികൾ നയിക്കുന്നത്. നിഷാദിനെ ചോദ്യംചെയ്തതിൽ നിന്നും അടൂർ, പുനലൂർ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിൽ നിഷാദും അനുരാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തന്റെ നീക്കം. അടൂർ ഡി.വൈ.എസ്.പി ആർ. ജയരാജ്, ഇൻസ്പെക്ടർ ആർ. രാജീവ്, എസ്.ഐ എം. പ്രശാന്ത്, സി.പി.ഒ മാരായ സുനിൽ കുമാർ, സൂരജ്, ശ്യാം കുമാർ, എം. നിസ്സാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.