അടൂർ: കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. രണ്ടുദിവസമായി നിലനിന്ന പ്രശ്നങ്ങളാണ് വ്യാഴാഴ്ച സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ ചൂരക്കോടിനെ അടൂർ ജനറൽ ആശുപത്രിയിലും കോൺഗ്രസ് തുമ്പമൺ മണ്ഡലം സെക്രട്ടറി ജിബിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കുണ്ട്.
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് അടൂരിലും പരിസരത്തും കോൺഗ്രസിന്റെ കൊടിമരങ്ങൾ തകർക്കപ്പെട്ടിരുന്നു. ആനന്ദപ്പള്ളിയിൽ നശിപ്പിച്ച മൂന്ന് കൊടിമരം ബുധനാഴ്ച രാത്രി കോൺഗ്രസ് പ്രവർത്തകർ പുനഃസ്ഥാപിച്ചു. ഇവ രാത്രി വീണ്ടും നശിപ്പിച്ചു. അടുത്തിടെ ഉദ്ഘാടനം ചെയ്ത തോമസ് ഫ്രാൻസിസ് സ്മാരക കമ്മിറ്റി ഓഫിസിൽ കരിഓയിൽ ഒഴിച്ചു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിത്രങ്ങളും കരിഓയിൽ ഒഴിച്ചു വികൃതമാക്കി. സി.പി.എം പ്രവർത്തകരാണ് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അടൂർ നഗരത്തിൽ അമ്പതോളം കെ.എസ്.യു- യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ വൈകീട്ട് പ്രകടനമായി നശിപ്പിച്ച കൊടിമരങ്ങൾ പുനഃസ്ഥാപിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി കല്ലെറിയുകയായിരുന്നു. കെ.എസ്. ആർ.ടി.സി സ്റ്റാൻഡിനു കിഴക്കുവെച്ച് കല്ലേറുണ്ടായപ്പോൾ പൊലീസ് പ്രകടനക്കാരെ ലാത്തിവീശി ഓടിച്ചു. ഡി.വൈ.എഫ്.ഐക്കാർ പിറകെ ചെന്ന് വീണ്ടും പ്രകടനക്കാരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് പ്രകടനക്കാരെ മാത്രം ഓടിക്കുകയായിരുന്നു. പ്രകടനക്കാർ സെൻട്രൽ ജങ്ഷനിലെ കത്തോലിക്ക പള്ളി പരിസരത്തേക്ക് ഓടിക്കയറി.
തുടർന്ന് തിരിച്ചെത്തി ഡി.വൈ.എഫ്.ഐക്കാരെ കല്ലെറിഞ്ഞു. അതോടെ പരസ്പരം വലിയ കല്ലേറ് നടന്നു. ഒടുവിൽ സംഘർഷം അതിരുവിടുമെന്നായപ്പോൾ പൊലീസ് ഇരുകൂട്ടരെയും മാറ്റി നടുവിൽ നിലയുറപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്. പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ, എം.ജി കണ്ണൻ, എസ്. ബിനു, ബിജു വർഗീസ് എന്നിവരാണ് കോൺഗ്രസ് പ്രകടനത്തിന് നേതൃത്വം നൽകിയത്.
പത്തനംതിട്ട: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ നിര്‍ഭാഗ്യകരമായ കൊലപാതക സംഭവത്തിന്റെ മറവില്‍ ജില്ലയിലൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ സി.പി.എം നടത്തുന്ന അക്രമ പരമ്പരകള്‍ അവസാനിപ്പിക്കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫിസുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തത് സി.പി.എം ജില്ല നേതൃത്വത്തിന്റെ അറിവോടെയാണ്. കൊലപാതകങ്ങളെയും അക്രമങ്ങളെയും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെയും എം.പി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.