അടൂർ: ഏഴംകുളം കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന തൂക്കവഴിപാട് ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച രാവിലെ ആറിന് ഊരാണ്മ തൂക്കത്തോടെയായിരുന്നു വഴിപാട് ആരംഭിച്ചത്. പുലർച്ച അഞ്ചിന് ചമയപ്പുരയിൽ ഒരുക്കങ്ങളാരംഭിച്ചു. രാവിലെ ആറിന് നാളികേരം മുറിച്ച് ഊരാണ്മ തൂക്കത്തോടെയാണ് വഴിപാട് ആരംഭിച്ചത്. പട്ടുടുത്ത് അരയിൽ വെള്ളക്കച്ച കെട്ടിയും നേര്യത് ഞൊറിഞ്ഞുകെട്ടി തലപ്പാവണിഞ്ഞും മുഖത്ത് അരിമാവുകൊണ്ട് ചുട്ടികുത്തി ദേവീദർശനം നടത്തിയശേഷം വഴിപാടുകാർ തൂക്കവില്ലിന് മുന്നിൽ എത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. മുതുകിൽ ചൂണ്ട കൊരുത്ത് താങ്ങുമുണ്ട് ഉപയോഗിച്ച് തൂക്കക്കാർ വില്ലേറി. മദ്ദളം, ചേങ്ങില എന്നിവയുടെ താളത്തിനൊപ്പം വായ്ത്താരി മുഴക്കി അന്തരീക്ഷത്തിൽ പയറ്റ് മുറകൾ കാട്ടി ദേവീസ്തുതികളോടെ കരക്കാർ തൂക്കവില്ല് വലിച്ച് ക്ഷേത്രത്തിന് വലംവെച്ചു.
ദേവിക്ക് മുന്നിൽ എത്തി തൊഴുതിറങ്ങിയതോടെ ആദ്യ ചടങ്ങ് കഴിഞ്ഞു. തുടർന്ന് ഒരു തവണകൂടി തൂക്കക്കാർ നടന്ന് ക്ഷേത്രത്തിന് വലംെവച്ചതോടെ ഒരു വളയം പകർത്തിയായി ഇത്തവണ 624 തൂക്കവഴിപാടാണ് ഉള്ളത്. 124 എണ്ണം കുട്ടികളെ എടുത്തുകൊണ്ടുള്ളവയാണ്. സന്ധ്യക്ക് ക്ഷേത്രത്തിലെത്തി ആശാന്റെ വായ്ത്താരിക്കും താളമേളങ്ങൾക്കും അനുസൃതമായി ഇടം കൈയിൽ വാളമ്പും ഏന്തി അന്തരീക്ഷത്തിൽ ചുഴറ്റിയാണ് പയറ്റ് മുറകൾ അഭ്യസിക്കുന്നത്. രേവതിനാളിൽ ആന അടിവയെ ക്ഷണിച്ച് കൊണ്ടുവരുന്ന ചടങ്ങിനായി മണ്ണടിയിൽപോയി കുളിച്ച് തൊഴുത് തിരികെ ക്ഷേത്രത്തിൽ എത്തി പയറ്റ് മുറകൾ അവസാനിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.