ഇറച്ചിക്കട കെട്ടിടം തകർന്ന നിലയിൽ
അടൂർ: സെൻട്രൽ ചന്ത ആധുനീകരിച്ച് ദിവസച്ചന്തയാക്കുമെന്ന നഗരസഭ അധികൃതരുടെ പ്രഖ്യാപനം കാൽനൂറ്റാണ്ടായി കടലാസിലുറങ്ങുന്നു.
നിലവിലെ കെട്ടിടം ഇടിഞ്ഞ് വീഴാറായ നിലയിലുമാണ്. നഗരസഭക്ക് ഏറെ വരുമാനം കിട്ടേണ്ട ചന്തയാണ് അധികൃതരുടെ പിടിപ്പുകേട് കാരണം നശിക്കുന്നത്. മത്സ്യം -മാംസം- കാർഷിക വിളകൾ ഉൾപ്പെടെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ വിപണന കേന്ദ്രം 2000 ജൂലൈയിലാണ് പ്രവർത്തനം ആരംഭിച്ചത്.
അഞ്ച് മുറികളും മുപ്പതോളം പേർക്ക് ഇരുന്ന് കച്ചവടം നടത്താവുന്ന കെട്ടിട ഹാളും ശൂന്യമായി നശിക്കുന്നു. 23 വർഷം കഴിഞ്ഞിട്ടും ഈ ചന്തയെ പ്രവർത്തന സജ്ജമാക്കാൻ ഏറെക്കാലം ഭരിച്ച യു.ഡി.എഫിനോ രണ്ടു തവണയായി ഭരണം കൈയാളുന്ന എൽ.ഡി.എഫിനോ കഴിഞ്ഞിട്ടില്ല. ഇപ്പോൾ എൽ.ഡി.എഫ് തുടർ ഭരണത്തിലും തൽസ്ഥിതി തുടരുകയാണ്.
എല്ലാ ബജറ്റിലും മാർക്കറ്റിനായി ലക്ഷങ്ങളാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ബജറ്റിലും 30 ലക്ഷം പ്രഖ്യാപിച്ചിരുന്നു. ഇവിടെയുള്ള കെട്ടിടത്തിന്റെ ഭിത്തികൾ അടർന്ന് മാറി അടിത്തറകളുടെ കല്ലുകൾ അടർന്ന നിലയിലാണ്. ഏത് സമയവും കെട്ടിടം തകർന്ന് വീഴാറായ സ്ഥിതിയാണ്.
ഇവിടെ ഒന്നാം മുറിയിൽ ഇറച്ചിക്കച്ചവടം മാത്രമാണ് നടക്കുന്നത്. ഇവിടെ കച്ചവടം ചെയ്യുന്നത് ഭീതിയോടെയാണെന്ന് ഇറച്ചി വ്യാപാരി ഹക്കീം പറഞ്ഞു. ഇവിടെയുള്ള മാലിന്യങ്ങൾ നഗരസഭ കൊണ്ടുപോകാറില്ല. മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. മാർക്കറ്റ് നഗരത്തിലെ വലിയതോടിനോട് ചേർന്നാണ്. തോട്ടിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനും കാരണമാകുന്നു. നായ്ക്കളും മറ്റ് അവശിഷ്ടങ്ങൾ കടിച്ചെടുത്ത് സമീപ വീടുകളിലും കൊണ്ടിടുന്നതും പതിവാണ്. മാർക്കറ്റിൽ ഇപ്പോൾ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സെൻട്രൽ മാർക്കറ്റിന് ഇതുവരെ വാട്ടർ കണക്ഷനും ലഭിച്ചിട്ടില്ല. ഇവിടെയുള്ള പ്ലാസ്റ്റിക് ഷ്രഡിങ് പ്രവർത്തനരഹിതമാണ്. സെൻട്രൽ ചന്തയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകൻ മുഹമ്മദ് ഖൈസ് സംസ്ഥാന സർക്കാറിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി വീണ ജോർജിന് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.