അടൂര്‍: ഒരു ഇടവേളക്കുശേഷം ജില്ലയില്‍ ബ്ലേഡ് മാഫിയയുടെ വിളയാട്ടം. ഇവരുടെ കെണിയില്‍ വീണവര്‍ ആത്മഹത്യയുടെ വക്കില്‍. പൊലീസില്‍ പരാതിപ്പെട്ടാല്‍ ചെക്ക് കേസില്‍ കുടുക്കുമെന്ന ഭീഷണി മൂലം വീട്ടമ്മാര്‍ നട്ടം തിരിയുന്നു.
സ്ത്രീകള്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ പിന്തുണയോടെയും ഗുണ്ടകളുടെ അകമ്പടിയോടെയും പലിശ സാമ്രാജ്യം അടക്കി വാഴുന്നു. ഓപറേഷന് കുബേര നിലച്ചത് ഇവര്‍ക്ക് സഹായകരമായി. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയരുന്നു.
അടൂര്‍ കേന്ദ്രീകരിച്ചാണ് ബ്ലേഡ് മാഫിയ വിലസുന്നത്. അടൂര്‍ താലൂക്കില്‍ നെല്ലിമുകള്‍, കടമ്പനാട് കേന്ദ്രീകരിച്ചാണ് ഇവരുടെ വിളയാട്ടം. പഴകുളം സ്വദേശിനിയാണ് ഇവിടെ പണം പലിശക്ക് കൊടുക്കുന്നത്. ചെറുകിട വ്യാപാരികള്‍, തട്ടുകടക്കാര്, വീട്ടമ്മമാര്‍ എന്നിവരാണ് പ്രധാന ഇരകള്‍. അത്യാവശ്യത്തിന് സമീപിക്കുന്നവരില്‍നിന്ന് ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടും ഒപ്പിട്ടുവാങ്ങി പണം നല്‍കും. ഒരു ലക്ഷം രൂപക്ക് 36 ശതമാനം പലിശവരെ ഈടാക്കുന്നു.
3000 രൂപവരെ പ്രതിദിന പലിശയീടാക്കുന്ന വട്ടിക്കൊള്ളക്കാരുണ്ട്. ഗഡുക്കളായി വാങ്ങിയ തുക അടക്കാമെന്ന് സമ്മതിച്ചാലും പ്രതിദിന പലിശ 3000 രൂപ നിര്‍ബന്ധമായും കൊടുക്കണം. ഇത്തരത്തില്‍ ഇവരില്‍ ഒരാളില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ യുവസംരംഭക ഇപ്പോള്‍ 40 ലക്ഷം രൂപയുടെ കടക്കാരിയാണ്. പലിശ മുടങ്ങിയാല്‍ വിളിവരും. വാട്സ്ആപ് കാളാണ് ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, പലിശ യു.പി.ഐ അക്കൗണ്ട് വഴി കൈപ്പറ്റുന്നതിന് ഇവര്‍ക്ക് മടിയില്ല.
പലിശ മുടങ്ങിയാല്‍ ആദ്യം അനുനയമാണ്. പിന്നെ പതുക്കെ ഭീഷണി തുടങ്ങും. ഫോണിലൂടെയും നേരിട്ടും ഭീഷണി മുഴക്കും. സ്ത്രീകളാണെങ്കില്‍ അവരെ കുറിച്ച് അപവാദം പ്രചരിപ്പിക്കും. ലൈംഗികപരമായ ചൂഷണത്തിനും ശ്രമിക്കും. പൊലീസില്‍ പരാതി നല്കിയാല് ചെക്കും പ്രോമിസറി നോട്ടും ഉപയോഗിച്ച് കേസില്‍ കുടുക്കുമെന്ന് ഭീഷണി മുഴക്കും.
അടൂരില്‍ പലിശക്ക് കൊടുക്കുന്ന സംഘത്തില്‍ സ്ത്രീകളുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പണം തിരികെ വാങ്ങാന്‍ ഗുണ്ടകളെയും കൂട്ടി വാഹനങ്ങളില്‍ സിനിമ സ്റ്റൈലിലാണ് എത്തുന്നത്. വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി കടം വാങ്ങുന്നവരാണ് പലിശ കൊടുത്തു മുടിയുന്നത്. പൊലീസില്‍ പരാതി പറയാന്‍ പലരും മടിക്കുന്നത് ബ്ലേഡ് സംഘങ്ങള്‍ക്ക് തുണയാകും.
സഹകരണ ബാങ്കുകളില്‍നിന്ന് പണം പലിശക്ക് എടുത്താണ് ബ്ലേഡുകാര്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് അധികൃതര്‍ കുറഞ്ഞ പലിശക്ക് ബ്ലേഡുകാര്‍ക്ക് പണം നല്‍കും. ഇതിന് പുറമെ അനധികൃത സമ്പാദ്യമുള്ള രാഷ്ട്രീയക്കാരുടെ ബിനാമികളും പണം പലിശക്ക് നല്‍കുന്നതിന് വേണ്ടി ഇറങ്ങുന്നുവെന്നാണ് വിവരം.
രാഷ്ട്രീയ പിന്തുണയുള്ളതിനാല്‍ ഇത്തരക്കാര്‍ പണവും പലിശയും തിരികെ വാങ്ങാന്‍ എന്തു മാര്‍ഗവും സ്വീകരിക്കും. ഇത്തരക്കാരെ അമര്‍ച്ച ചെയ്യാന്‍ നിലവില്‍ നടപടിയില്ലാത്തത് ഇവര്‍ക്ക് തുണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.