അടൂർ: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി വലിയ കുഴികൾ മാത്രം അടച്ച ഏഴംകുളം-കൈപ്പട്ടൂർ പാതയിലെ സഞ്ചാരം ദുർഘടം. വർഷങ്ങളായി കുഴിയടപ്പ് മാത്രം നടത്തുന്നതിനാൽ പാതയുടെ ഉപരിതലം നിരപ്പല്ല. 41.54 കോടി ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കുന്നതിന് കിഫ്ബി അംഗീകാരം ലഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല.
10.208 കിലോമീറ്റർ നീളം വരുന്ന റോഡിന്റെ വീതി 10 മീറ്ററാണ്. ടാർ ചെയ്യുന്നത് ഏഴ് മീറ്റർ വീതിയിലാണെന്നും പറഞ്ഞിരുന്നു. ഒരു പാലം, 20 ഓടകൾ, ബസ് ഷെൽട്ടറുകൾ, റോഡിന്റെ സൈഡ്കെട്ട്, ട്രാഫിക്സേഫ്റ്റി പ്രവൃത്തി നടത്തി റോഡ് മനോഹരമായി നിർമിക്കുമെന്ന പ്രഖ്യാപനം അവശേഷിക്കുകയാണ്.
നിർമാണത്തിന് കരാർ നൽകിയെന്നും ഉടൻ പണി ആരംഭിക്കുമെന്നും പറയാൻ തുടങ്ങിയിട്ട് വർഷത്തോളമായി. ധനകാര്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ചിറ്റയം ഗോപകുമാർ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്.
ഇതേസമയം മാസങ്ങൾക്കുമുമ്പ് അറ്റകുറ്റപ്പണി ചെയ്ത പാത പഴയസ്ഥിതിയിലേക്ക് കൂപ്പുകുത്തുകയാണ്. വൻ കുഴികളിൽവീണ് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും പരിക്കേറ്റ് അപകടങ്ങളുണ്ടായിരുന്നു. പാതയുടെ ഇരുവശത്തും കാടുവളർന്നുനിൽക്കുകയാണ്. വള്ളപ്പടർപ്പുകൾ റോഡിന്റെ ടാറിങ് ഭാഗത്തേക്ക് പടർന്നുകയറിയതിനാൽ കാൽനട ദുരിതപൂർണമാണ്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. വാഹനത്തിൽ പോകുന്നവർ കാട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നു.
എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചപ്പോഴും വിവിധ പദ്ധതികൾ ഈ പാത വികസനത്തിന് പ്രഖ്യാപിച്ചിരുന്നു.
എം.സി റോഡിൽ കൊട്ടാരക്കര ഭാഗത്തുനിന്ന് അടൂരിൽ പോകാതെ ഏനാത്ത്-ഏഴംകുളം മിനി ഹൈവേയിലൂടെ കായംകുളം-പുനലൂർ പാത മുറിച്ചുകടന്ന് ഏഴംകുളം കൈപ്പട്ടൂർ പാതയിൽ പ്രവേശിച്ച് കൈപ്പട്ടൂർ-പത്തനംതിട്ടയിൽ എത്താവുന്ന തരത്തിൽ ശബരിമല സമാന്തരപാതയായി വർഷങ്ങൾക്കുമുമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ എം.എൽ.എ ആയിരുന്നപ്പോൾ പ്രഖ്യാപിച്ചിരുന്നു. ഏഴംകുളത്തുനിന്ന് ആരംഭിച്ച് പുതുമല, കൊടുമൺ, ഇടത്തിട്ട, ചന്ദനപ്പള്ളി വഴി കൈപ്പട്ടൂരിൽ ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയ പാതയിലാണ് ഈ പാത ചേരുന്നത്.
പറക്കോട്, ഏഴംകുളം, ഏനാദിമംഗലം, ഏനാത്ത്, വയല, കൊടുമൺ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ജില്ല ആസ്ഥാനത്തെത്താൻ പാത സഹായകരമാണ്. നാഗർകോവിൽ, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർക്ക് ശബരിമലയിൽ എളുപ്പത്തിലെത്താനുള്ള വഴിയായും ഈ പാത ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.