അടൂർ: വെള്ളക്കെട്ടിനു നടുവിൽ കുറെ വീടുകൾ; ചാറ്റൽമഴ പെയ്താൽപോലും വെള്ളം നിറയുന്ന സ്ഥിതി. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഉടയാൻകുളം സീറോ ലാൻഡ് പദ്ധതി പ്രകാരം സർക്കാർ നൽകിയ ഭൂമിയിൽ വീടുവെച്ചവരാണ് ദ്വീപിൽ അകപ്പെട്ടതുപോലെ ബുദ്ധിമുട്ടുന്നത്. കറുത്ത നിറത്തിലുള്ള മലിനജലം വീടുകൾക്ക് ചുറ്റിലും കെട്ടിക്കിടക്കുന്നതിനാൽ ഇവർക്ക് വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അടൂർ പ്രകാശ് റവന്യൂമന്ത്രിയായിരുന്നപ്പോഴാണ് സീറോ ലാൻഡ് പദ്ധതി പ്രകാരം 22 കുടുംബങ്ങൾക്ക് ഇവിടെ മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ചത്. നാല് കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്ന് വീടുകളുടെ നിർമാണം നടക്കുന്നു. ഭൂമി ലഭിച്ച മറ്റുള്ളവർ വെള്ളക്കെട്ട് കാരണം വീടുവെക്കാൻ തയാറായിട്ടില്ല. സർക്കാർ നൽകിയ ഭൂമിയിൽ സർക്കാർ തന്നെ വീടുവെക്കാൻ ധനസഹായം നൽകുന്നുണ്ടെങ്കിലും ഇതിന് കാലതാമസം വന്നതോടെ മണ്ണടി ജുമാമസ്ജിദ് കമ്മിറ്റി നിർമിച്ചു നൽകിയ വീട്ടിലാണ് മീരാകുട്ടി റാവുത്തറും ഹാജിറ ബീവിയും താമസിക്കുന്നത്. രോഗികളും വയോധികരുമായ ഇവർക്ക് ആശുപത്രിയിൽ പോകണമെങ്കിൽ ആരെങ്കിലും സഹായിക്കണം. മണകണ്ടം ഏലയുടെ തലക്കുളമായിരുന്നു ഈ ഭൂമി. ഭൂമി പട്ടയമായി നൽകുന്നതിന് തീരുമാനിച്ചപ്പോൾ വീടുവെക്കുന്നതിന് അനുയോജ്യമല്ലെന്ന് കാട്ടി മണ്ണടി പ്രകൃതിസംരക്ഷണ സമിതി
നേതൃത്വത്തിൽ സർക്കാറിനും കലക്ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ, വെളക്കെട്ട് ഒഴിവാക്കാൻ ഇവിടം മണ്ണിട്ട് ഉയർത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അധികൃതർ അവഗണിക്കുകയായിരുന്നു. സർക്കാർ എത്രയും വേഗം ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കി കുടുംബങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തുകയും ഭൂമി ലഭിച്ചവർക്ക് വീടുവെച്ചുകൊടുക്കാനും നടപടി സ്വീകരിക്കണമെന്ന് മണ്ണടി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.