അടൂർ: മദ്യപിച്ച് അബോധാവസ്ഥയിൽ അപകടകരമായ നിലയിൽ അഗ്നിരക്ഷ സേനയുടെ വാഹനം ഓടിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞു. ഡ്രൈവറെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിലമ്പൂർ അഗ്നിരക്ഷസേന നിലയത്തിലെ ഡ്രൈവർ ശൂരനാട് വടക്ക് അജയഭവനിൽ സി. വിജയകുമാറിനെയാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച അടൂർ-ഭരണിക്കാവ് സംസ്ഥാന പാതയിൽ മണക്കാല എൻജീനീയറിങ് കോളജിന് സമീപമാണ് സംഭവം.
ശബരിമല ജോലിയുടെ ഭാഗമായി പ്ലാപ്പള്ളി താൽക്കാലിക നിലയത്തിലെ ജോലിക്കായി എത്തിയതായിരുന്നു വിജയകുമാർ. ശബരിമല സീസൺ സമാപിക്കുന്ന ഘട്ടത്തിൽ അവസാന ടേണിലുള്ള സേനയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം. പ്ലാപ്പള്ളിയിലെ ജോലി അവസാനിച്ചതോടെ പരവൂരിലെ അഗ്നിരക്ഷ സേനയുടെ വാഹനം അവിടെ എത്തിക്കാൻ പോകവെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
വിജയകുമാർ ഓടിച്ച വാഹനം മറ്റു വാഹനങ്ങളെ ഇടിക്കുന്ന അവസ്ഥയിലായിരുന്നു. ഒടുവിൽ മണക്കാലയിൽ സ്വകാര്യ ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണംവിട്ട് റോഡിന് കുറുകെ നിർത്തുകയായിരുന്നു. എന്നാൽ, വീണ്ടും വാഹനം മുന്നോട്ടെടുക്കാൻ ഇയാൾ ശ്രമിച്ചു. ഇതോടെ നാട്ടുകാർ അഗ്നിരക്ഷ സേനയുടെ വാഹനം തടയുകയായിരുന്നു. തീർത്തും അബോധാവസ്ഥയിലായിരുന്ന ഡ്രൈവർ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.
വാഹനത്തിൽനിന്ന് ഇയാൾ ആദ്യം ഇറങ്ങാൻ കൂട്ടാക്കിയില്ല. പൊലീസെത്തിയ ശേഷമാണ് വാഹനത്തിൽനിന്നിറങ്ങിയത്. വാഹനം റോഡിന് കുറുകെ 15 മിനിറ്റോളം കിടന്നു. ഇതേത്തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി. ഒടുവിൽ അടൂർ അഗ്നിരക്ഷസേന നിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വാഹനം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.