അടൂർ: ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ അടൂരും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും വൻ നാശനഷ്ടം. ഒരുമരണം. വൈദ്യുതി തൂണുകൾ ഒടിഞ്ഞും കമ്പികൾ പൊട്ടിയും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. റോഡ് ഗതാഗതം തടസ്സപ്പെട്ടു.
ചൂരക്കോട് കളത്തട്ട് ജങ്ഷനിൽ മരം ഇരുചക്ര വാഹന യാത്രികന് മുകളിലേക്കുവീണ് മനു മോഹനാണ് (34) മരിച്ചത്. റവന്യൂ ടവറിന് സമീപം മരം, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ വീണു ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് അകത്തുള്ള പെട്രോൾ പമ്പിൽ മരംവീണു.
തട്ട റോഡിൽ രോഹിണി വർക്ഷോപ്പിന് സമീപം മരംവീണു റോഡ് ഗതാഗതം തടസ്സപ്പെട്ടു. ചൂരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തിന് സമീപം കടക്ക് മുകളിലേക്ക് മരംവീണു.മണക്കാല സി.എസ്.ഐ പള്ളിക്ക് സമീപം കൂറ്റൻ മാവ് റോഡിലേക്കവീണ് അടൂർ-ശാസ്താംകോട്ട റോഡിൽ മണിക്കൂറുകൾ ഗതാഗത തടസ്സം ഉണ്ടായി.
വലിയ തടി എസ്കവേറ്ററിന്റെ സഹായത്തോടെ വലിച്ച് റോഡരികിലേക്ക് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. എസ്കവേറ്ററിന്റെ ഹൈഡ്രോളിക് ഓയിൽ ടാങ്ക് പൊട്ടി ഓയിൽ റോഡിൽ പരന്നു. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുമെന്നതിനാൽ അറക്കപ്പൊടി വിതറി.
മണക്കാല എൻജിനീയറിങ് കോളജിന് മുൻവശംനിന്ന മരവും വീണു. വൈകീട്ട് മൂന്നേമുക്കാലോടെയാണ് ശക്തമായ കാറ്റിൽ വിവിധ ഭാഗങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും വീണത്. അഗ്നിരക്ഷ സേനയും പൊലീസും നെട്ടോട്ടമായിരുന്നു. അഗ്നിരക്ഷസേന അടൂർ നിലയം ഓഫിസർ വി. വിനോദ് കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ നിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് രണ്ട് സംഘമായി രക്ഷാപ്രവർത്തനങ്ങൾ നടത്തി. രാത്രി 8.15നാണ് രക്ഷാപ്രവർത്തനങ്ങൾ പൂർണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.