അടൂർ: നഗരത്തിൽ പുതിയതായി നിർമിച്ച ഇരട്ടപ്പാലങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. വാഹനയാത്ര ക്രമീകരണം കാര്യക്ഷമമല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലവിൽ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. എന്നാൽ, വാഹനങ്ങൾ എങ്ങനെ പോകണമെന്നുള്ള തീരുമാനം നടപ്പാക്കാൻ കഴിയാത്തതാണ് ഗതാഗതക്കുരുക്കിന് കാരണം. ടൗണിൽ ഏത് പാലത്തിലൂടെ പോകണമെന്നത് ഡ്രൈവമാരെ ആശയക്കുഴപ്പത്തിലാക്കുന്നു. പുതുതായി വന്ന പാലം ഉൾപ്പെടെ മൂന്ന് പാലങ്ങളാണ് കെ.എസ്.ആർ.ടി.സി ജങ്ഷനിലുള്ളത്.
ഈ പാലങ്ങളിലൂടെ തോന്നുംപടിയാണ് വാഹനങ്ങൾ പോകുന്നത്. ചിലപ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ പഴയ പാലത്തിലൂടെ പോകുന്നത് കാണാം. ചിലപ്പോൾ ഇരട്ടപ്പാലങ്ങളിൽ ആദ്യത്തെ പാലത്തിലൂടെ അമിതവേഗത്തിൽ പോകുന്നത് കാണാം. ഇതുവഴി വാഹനം വരില്ലെന്ന പ്രതീക്ഷയിൽ റോഡ് മുറിച്ച് കടക്കുന്നവരെയും വാഹനങ്ങളെയും ഒന്നാമത്തെ പാലത്തിലൂടെ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടം സംഭവിക്കാം.
കിഴക്കുനിന്ന് വരുന്ന വാഹനങ്ങളും പടിഞ്ഞാറുനിന്ന് വരുന്ന വാഹനങ്ങളും ഏത്പാലത്തിലൂടെ പോകണമെന്നറിയാത്തതിനാൽ ഇവർ അവർക്കിഷ്ടമുളള പാലത്തിലൂടെയാണ് പോകുന്നത്. ഇത് വലിയ അപകടകൾക്ക് ഇടയാക്കും. ഇരട്ടപ്പാലങ്ങളിൽ ആദ്യത്തെ പാലത്തിന് മുന്നിലൂടെ ഓട്ടോകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ പാലത്തിലൂടെ വരുന്ന വാഹന ങ്ങളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇരട്ടപ്പാലങ്ങൾ ഉദ്ഘാടനം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും വാഹനങ്ങൾ എങ്ങനെ പോകണമെന്നത് സംബന്ധിച്ച് തീരുമാനം ഒന്നും നടപ്പിലായിട്ടില്ല. ഇവിടെ വാഹനം ഓടിക്കുന്നവരുടെ ആശയക്കുഴപ്പം പരിഹരിക്കാൻ അറിയിപ്പ് ബോർഡുകളും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.