അടൂർ: വില്ലേജ് ഓഫിസർ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ പരാതി നൽകിയതിനു പിന്നാലെ കലക്ടർ പ്രേം കൃഷ്ണൻ മരിച്ച വില്ലേജ് ഓഫിസറുടെ വീട് സന്ദർശിച്ചു.
ഭാര്യയോടും മകളോടും സംസാരിച്ചശേഷം മരിച്ച വില്ലേജ് ഓഫിസറുടെ സഹോദൻ ഉൾപ്പെടെയുള്ള ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരിച്ച മനോജ് ഭീഷണി നേരിട്ടിരുന്നെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം കലക്ടറോട് ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസർമാരുടെ പരാതി ലഭിച്ചുവെന്നും ഇത് ജില്ല പൊലീസ് മേധാവിക്ക്
കൈമാറിയതായും കലക്ടർ ബന്ധുക്കളെ അറിയിച്ചു. കൂടാതെ വില്ലേജ് ഓഫിസർമാരുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. ആർ.ഡി.ഒയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ലാൻഡ് റവന്യൂ കമീഷണർക്ക് കൈമാറുമെന്നും കലക്ടർ പറഞ്ഞു.
കടമ്പനാട് വില്ലേജ് ഓഫിസറായിരുന്ന അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജാണ്(47) കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. മാർച്ച് 11നായിരുന്നു സംഭവം.
അമിത ജോലിഭാരവും മാനസികസമ്മർദവും രാഷ്ട്രീയ ഇടപെടലും മൂലമുള്ള മാനസിക സംഘർഷവുമാണ് മനോജിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് മനോജിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ഉണ്ടാകണമെന്ന് കാണിച്ചാണ് വില്ലേജ് ഓഫിസർമാർ കലക്ടർക്ക് പരാതി നൽകിയത്. വില്ലേജ് ഓഫിസറുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വില്ലേജ് ഒാഫിസറുടെ ബന്ധുക്കൾ.
ജില്ല കലക്ടർക്കൊപ്പം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ജി. പ്രമോദ്, ഡെപ്യൂട്ടി തഹസിൽദാർ സജീവ്, പള്ളിക്കൽ വില്ലേജ് ഓഫിസർ പി.ടി. സന്തോഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.