അടൂർ: കായംകുളം-പത്തനാപുരം പാതയിൽ അടൂർ മുതൽ പ്ലാന്റേഷൻ ജങ്ഷൻ വരെ സൂചന ദിശാബോർഡുകൾ ഇല്ലാത്തതിനാൽ അപകടം പെരുകുന്നു. കുഴിയിൽ വീണും മറ്റ് അപകടങ്ങളിൽപ്പെട്ടും ഇതിനോടകം നിരവധി പേർ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം സൈക്കിൾ യാത്രക്കാരനായ കണ്ണു കെട്ടിൽ വീട്ടിൽ സാമുവേൽ കുട്ടി (70) അപകടത്തിൽപ്പെട്ടിരുന്നു. സാമുവേലിന്റെ തലക്ക് പരിക്കേൽക്കുകയും തോളെല്ല് അകന്ന് മാറുകയും ചെയ്തു. അശാസ്ത്രീയ റോഡ് പണി കാരണം അപകടത്തിൽപ്പെട്ട് കിടപ്പുരോഗികളായവർ ഇതിനുപുറമെയാണ്.
റോഡിലെ ആദ്യ കലുങ്കിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഇനിയും മാറ്റിയിട്ടില്ല. രണ്ട് കലുങ്കിന്റെയും തുടക്കത്തിലും അവസാനത്തിലും സൂചന ബോർഡുകൾ ഇല്ല. അടൂർ സെൻട്രൽ ടോളിൽനിന്നും പത്തനാപുരത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്തും ബോർഡ് ഇല്ല . നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പലയിടത്തും ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് അടൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിർദേശങ്ങൾ നൽകിയിട്ടും പാലിച്ചിട്ടില്ല.
എം.കെ.കെ സർവിസ് സ്റ്റേഷന് സമീപത്തെ പാലത്തോട് ചേർന്ന അപകടകരമായ ഭാഗം പുനർ നിർമിക്കുക, ഓടകളിലെ സ്ലാബുകൾ കൃത്യമായി ചേർക്കുക, പല സ്ഥലങ്ങളിലും ടാറിങ് ഇളക്കാതെ മുകളിൽ ടാർ ചെയ്തിരിക്കുന്നത് ഉൾപ്പെടെ റോഡ് സുരക്ഷ പ്രവർത്തനങ്ങൾ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഏഴംകുളം കനാൽ ഭാഗത്തെ വെട്ടിപ്പൊളിച്ച ഭാഗത്തെ പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചിട്ടില്ല. ടി.ബി ജങ്ഷനിൽ പൈപ്പ് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കുഴി മാറ്റാനും നടപടിയായില്ല. ഇവിടെ റിഫ്ലക്ടറും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.