അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ പുനരുദ്ധാരണം. പട്ടാഴിമുക്ക് മുതൽ സെൻട്രൽ ജങ്ഷൻ വരെയാണ് നിർമാണം പുരോഗമിക്കുന്നത്. റോഡിൽ ടാർ വീപ്പ നിരത്തിയാണ് ഡ്രൈവർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. രാത്രി ഇതിനോട് അടുത്തുവരുമ്പോൾ മാത്രമാണ് ഡ്രൈവർമാർ കാണുന്നത്. പണിനടക്കുന്ന ഭാഗങ്ങളിലെങ്ങും രാത്രി യാത്രികർക്ക് ശ്രദ്ധിക്കാനുള്ള സൂചനകൾ സ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബറിലാണ് പണി ആരംഭിച്ചത്. പട്ടാഴിമുക്ക് മുതൽ പറക്കോട് ഹൈസ്കൂൾ ജങ്ഷൻവരെ പൈപ്പിട്ടഭാഗത്തെ പഴയ ടാറിങ് ഇളക്കി മാറ്റി വെറ്റ്മിക്സ് മെക്കാഡം നിറച്ച് വൈബ്രേറ്റർ റോളറാൽ ഉറപ്പിച്ച് പുതിയ ബിറ്റുമെൻ മെക്കാഡം ചെയ്തിരുന്നു.
അടൂർ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് സമീപം രണ്ട് കലുങ്കും ഇളമണ്ണൂരിൽ ഒരു കലുങ്കും ഭാഗികമായി പൂർത്തിയാക്കി. നവംബർ മൂന്നിന് സബ്ഡിവിഷൻ ഉദ്യോഗസ്ഥരെ മന്ത്രി സ്ഥലംമാറ്റിയതോടെ പണി മുടങ്ങുകയായിരുന്നു. പകരം ഉദ്യോഗസ്ഥർ ചുമതലയേറ്റ് ഒരാഴ്ച മുമ്പാണ് നിർമാണം പുനരാരംഭിച്ചത്. എന്നാൽ, പട്ടാഴിമുക്ക് മുതൽ കനാൽപാലം വരെ ശരിയായ രീതിയിൽ ഉറപ്പിക്കാതെയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. വാഹനങ്ങൾ കയറി ഡബ്ല്യു.എം.എം ഉപരിതലം ഉറക്കാനാണെന്ന വിചിത്രമായ ന്യായമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വലിയ വാഹനങ്ങൾ കയറിയിറങ്ങിയതോടെ പണിത ഭാഗത്തെ ഡബ്ല്യു.എം.എം ഇളകി മെറ്റൽ റോഡിൽ നിരന്നു. ബിറ്റുമെൻ മെക്കാഡം കൂടി ചെയ്താലേ പഴയ ടാറിങ് ഉപരിതലത്തിനോട് ചേർന്ന നിരപ്പ് വരൂ എന്നിരിക്കെ ഇവിടം തുറന്നത് ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നുണ്ട്. റോഡ് താഴ്ചയിൽ കുഴിച്ചിട്ട ഭാഗത്ത് ടാർ വീപ്പകൾ വെച്ചാണ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ടാർ വീപ്പകളിൽ വാഹനങ്ങൾ ഇടിച്ചുകയറി നിരവധി അപകടങ്ങളാണ് ദിനവും ഉണ്ടാകുന്നത്. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പണി നടക്കുന്നത്. കനാൽ പാലത്തിന്റെ അനുബന്ധ പാതയിൽ തെക്കുവശത്തെ കുഴി വെറ്റ്മിക്സ് മെക്കാഡം ചെയ്യാതെ വലിയ മെറ്റൽ മാത്രം ഇട്ടാണ് നികത്തിയത്. കുഴിച്ച ഭാഗം പൂർണമായും പുനരുദ്ധരിക്കാതെ റോഡ് നെടുനീളത്തിൽ കുഴിച്ചിടുകയാണ്. ഇത്തരത്തിൽ അശാസ്ത്രീയമായാണ് നിർമാണം.ജലഅതോറിറ്റി ദ്രുതഗതിയില്‍ പൈപ്പിട്ടതിനു പിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെ നാലര കിലോമീറ്റര്‍ ദൂരം പാതയുടെ ഇരുവശവും താഴേക്കിരുന്ന് അപകടാവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.