അടൂർ: കോൺഗ്രസ് 30 വർഷമായി ഭരണത്തിലായിരുന്ന ഏറത്ത് സർവിസ് സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ഒമ്പതംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ എട്ടു പേരും കോൺഗ്രസിലെ ഒരാളും വിജയിച്ചു. എൽ.ഡി.എഫിലെ ഡോ. മഹേഷ് ആര്യാട്ട്, കെ. മോഹനൻ, രാജേഷ് ആമ്പാടി, ജെ. ശൈലേന്ദ്രനാഥ്, സുജ സാബു, സ്വപ്ന സതീശൻ, ഷേർളി യോഹന്നാൻ, വി. കുട്ടപ്പൻ എന്നിവരാണ് വിജയിച്ചത്.
യു.ഡി.എഫിൽനിന്ന് ബാങ്ക് മുൻ പ്രസിഡൻറ് കോൺഗ്രസിലെ നിമേഷ് രാജ് മാത്രമാണ് വിജയിച്ചത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരിയ സംഘർഷം ഉണ്ടായി. തങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കയറി സി.പി.എം പ്രവർത്തകർ അക്രമം നടത്തിയെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി അടൂർ പൊലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളവോട്ട് നടന്നെന്ന് മൂന്ന് മുന്നണികളും ആരോപിക്കുന്നു. കള്ളവോട്ട് നടക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ നെടുംപള്ളിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഉച്ചക്ക് 12ന് വെള്ളക്കുളങ്ങര - മണ്ണടി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ബുധനാഴ്ച രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു. എൽ.ഡി.എഫ് നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.