അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂതങ്കര വെട്ടിപ്പുറം രമാദേവിയുടെ ദുരിതപര്‍വത്തിന് ശമനമാകുന്നു. ആറര സെൻറ് ഭൂമി സ്വന്തമായുണ്ടായിട്ടും വീടുവെക്കാന്‍ കഴിയാതെ രണ്ടുവര്‍ഷമായി ഉഴലുന്ന ഇവരുടെ വാര്‍ത്ത 'മാധ്യമം' ആണ് വെളിച്ചത്തുകൊണ്ടുവന്നത്. സ്ഥലം പോക്കുവരവ് ചെയ്തു കിട്ടാത്തതിനാല്‍ രമാദേവിക്ക് ലൈഫ് മിഷനില്‍ അനുവദിച്ച വീട് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് 'മാധ്യമം' ഇടപെട്ടത്. വാര്‍ത്ത സാമൂഹികനീതി അനുരഞ്ജന ഓഫിസര്‍ പൂതങ്കര കമല്‍ ഭവനില്‍ ബി.ആര്. നായര്‍ മുഖ്യമന്ത്രിയുടെയും ലാൻഡ് റവന്യൂ കമീഷണറുടെയും കലക്ടറുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റവന്യൂ, റീസര്‍വേ അധികൃതരുടെ നടപടികള്‍ക്ക് കാലതാമസം നേരിട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശാനുസരണമാണ് നടപടിയുണ്ടായത്. കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ പ്രത്യേക താല്പര്യവും ഇതിനു പിന്നിലുണ്ടായി.
വസ്തു പോക്കുവരവിന് ഏനാദിമംഗലം വില്ലേജ് ഓഫിസറെ സമീപിച്ചപ്പോള്‍ അടൂര്‍ താലൂക്ക് ഓഫിസില്‍ അപേക്ഷ നല്കാന് നിര്‍ദേശിച്ചിരുന്നു. താലൂക്ക് ഹെഡ് സര്‍വേയര്‍ 2020 ജനുവരി 31നും 2020 ഫെബ്രുവരി 21നും റിപ്പോര്‍ട്ട് നല്കി. സര്‍വേ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അതിരുകള്‍ തിരിച്ച് കല്ലിട്ട് തര്‍ക്കമില്ലാത്ത ഭൂമിയാണെന്ന് അറിയിച്ചു. 2021 ജനുവരി അഞ്ചിന് 'മാധ്യമം' വാര്‍ത്തയെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ അനന്തര നടപടികള്‍ക്ക് നല്‍കിയെന്ന് പറഞ്ഞെങ്കിലും പരിഹാരമാകാത്തതിനെത്തുടര്ന്ന് 2021 ജൂണ്‍ നാലിന് വീണ്ടും വാര്‍ത്ത പ്രസിദ്ധീകരിച്ചു. റീസര്‍വേ മാപ്പില്‍ ഇവിടെ ഭൂമി ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ഈ വസ്തുവിന് 1978 വരെ പിതാവ് ഗോപാലന് നായര്‍ കരം അടച്ചിരുന്നു.
രമാദേവിയുടെ 10 സെൻറ് സ്ഥലവും വീടും മകളുടെ വിവാഹത്തിന് കടബാധ്യത തീര്‍ക്കാന്‍ വിറ്റിരുന്നു. സമീപം സഹോദരെൻറ വീട്ടിലാണ് രമാദേവിയും (53) ഭര്‍ത്താവ് കൃഷ്ണപിള്ളയും (58) താമസിക്കുന്നത്. രമാദേവി തൊഴിലുറപ്പിന് പോയാണ് വീട് പുലര്‍ത്തുന്നത്.
റീസര്‍വേ നടത്തി ഈ വസ്തു ഗോപാലന് നായർക്കും മറ്റ് സഹോദരങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും പോക്കുവരവുചെയ്യാനും മുന്‍ ലാൻഡ് റവന്യൂ തഹസില്‍ദാര്‍ ഷാജഹാന് റാവുത്തര്‍ മൂന്നുമാസം മുമ്പ് ഉത്തരവിട്ടിരുന്നു.
ഗോപാലന് നായര്‍ക്ക് അവകാശപ്പെട്ടതായി പറയുന്ന വസ്തുവില്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് രമാദേവിയുടെ സഹോദരങ്ങള്‍ രേഖാമൂലം എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. തുടര്‍ന്നു വന്ന ലാൻഡ് റവന്യൂ തഹസില്‍ദാര്‍ ഡി. സന്തോഷ്കുമാറാണ് വീണ്ടും സര്‍വേ നടത്തി അവസാന ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.