അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂതങ്കര വെട്ടിപ്പുറം രമാദേവിയുടെ ദുരിതത്തിന് ശമനമായി. വസ്തു പോക്കുവരവ് ചെയ്ത് കരം അടച്ചു. ആറര സെൻറ് ഭൂമി സ്വന്തമായിട്ടും രണ്ടുവര്‍ഷമായി സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടാത്തതിനാല്‍ രമാദേവിക്ക് ലൈഫ് മിഷനില്‍ അനുവദിച്ച വീട് നഷ്ടമാകാന്‍ സാധ്യതയുള്ള സാഹചര്യം 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. 'മാധ്യമം' വാര്‍ത്ത സാമൂഹികനീതി അനുരഞ്ജന ഓഫിസര്‍ പൂതങ്കര കമല്‍ ഭവനില്‍ ബി.ആര്. നായര്‍ മുഖ്യമന്ത്രിയുടെയും ലാൻറ് റവന്യൂ കമീഷണറുടെയും ജില്ല കലക്ടറുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിർദേശാനുസരണമാണ് നടപടിയുണ്ടായത്.
2021 ജനുവരി അഞ്ചിന് 'മാധ്യമം' വാര്‍ത്തയെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഫയൽ അനന്തര നടപടികള്‍ക്ക് നല്‍കിയെന്ന് പറഞ്ഞെങ്കിലും പരിഹാരമാകാഞ്ഞതിനെ തുടര്‍ന്ന് 2021 ജൂണ്‍ നാലിന് 'രമാദേവിക്ക് വീടു നഷ്ടപ്പെട്ടാല്‍ ആരാകും ഉത്തരവാദി' എന്ന തലക്കെട്ടോടെ വീണ്ടും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
റീസര്‍വേ മാപ്പില്‍ ഇവിടെ ഭൂമി ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ബ്ലോക്ക് 25 റീസര്‍വേ 202/37ലെ ഈ വസ്തുവിന് 1978 വരെ പിതാവ് ഗോപാലന് നായര്‍ കരം അടച്ചിരുന്നു. രമാദേവിയുടെ പത്തുസെൻറ് സ്ഥലവും വീടും മകളുടെ വിവാഹത്തിന് കടബാധ്യത തീര്‍ക്കാന്‍ വിറ്റിരുന്നു. പിന്നീട് സമീപത്തെ സഹോദരെൻറ വീട്ടിലാണ് രമാദേവിയും (53) ഭര്‍ത്താവ് കൃഷ്ണപിള്ളയും (58) താമസിക്കുന്നത്. രമാദേവി തൊഴിലുറപ്പിന് പോയാണ് വീട് പുലര്‍ത്തുന്നത്. മകന് കാര്യമായ ജോലിയൊന്നും കിട്ടിയില്ല. ഈ വസ്തു ഗോപാലന്നായര്ക്കും മറ്റ് സഹോദരങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും പോക്കുവരവുചെയ്യാനും മുന്‍ ലാൻഡ് റവന്യൂ തഹസില്‍ദാര്‍ ഷാജഹാന് റാവുത്തര്‍ മൂന്നു മാസം മുമ്പ് ഉത്തരവിട്ടിരുന്നു.
ഗോപാലന്നായര്ക്ക് അവകാശപ്പെട്ടതായി പറയുന്ന വസ്തുവില്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് രമാദേവിയുടെ സഹോദരങ്ങള്‍ എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. തുടര്‍ന്നു വന്ന ലാൻറ് റവന്യൂ തഹസില്‍ദാര്‍ ഡി. സന്തോഷ്കുമാറാണ് വീണ്ടും സര്‍വേ നടത്തി അവസാന ഉത്തരവിറക്കിയത്. മുന്‍ സര്‍വേയിൽ 2.34 ആര്. പുരയിടം ഗോപാലന്നായര്ക്കു അവകാശപ്പെട്ടതാണെന്ന് ഏനാദിമംഗലം വില്ലേജ് ഓഫിസര്‍ക്ക് നല്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. വില്ലേജ് റെക്കോഡുകളില്‍ മാറ്റം വരുത്തുന്നതിനും 765 രൂപ സബ് ഡിവിഷന് ഫീസ് ഈടാക്കി വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.