അടൂർ: മണ്ണടി വഴി സർവിസ് നടത്തിയ ദേശക്കല്ലുംമൂട്-കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടിയില്ല. ഇതുമൂലം മണ്ണടി പ്രദേശത്ത് യാത്രക്ലേശം രൂക്ഷമായി. കോവിഡ് സമയത്താണ് സർവിസ് നിർത്തലാക്കിയത്. എന്നാൽ, അതിനുശേഷം മറ്റ് സർവിസുകൾ പുനരാരംഭിച്ചെങ്കിലും ഇതുമാത്രം ആരംഭിച്ചില്ല. രാവിലെ 7.10ന് മണ്ണടിയിൽ വരുന്ന ബസ് വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഏറെ സഹായകമായിരുന്നു. തിരിച്ച് ഒമ്പതിന് ദേശക്കല്ലുംമൂട് എത്തുന്ന ബസ് മണ്ണടിയിൽനിന്ന് അടൂരിറങ്ങി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും അനുഗ്രഹമായിരുന്നു.
വൈകീട്ട് 4.50ന് അടൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ച് കൊട്ടാരക്കരക്ക് സർവിസ് ഉണ്ടായിരുന്നു. മണ്ണടിമുടിപ്പുര, ചാങ്ങയിൽപ്പടി, കാലായിമുക്ക്, പള്ളീനഴികത്ത് പടി, നിലമേൽ ഭാഗങ്ങളിലുള്ളവരായിരുന്നു ഈ ബസ് സർവിസിനെ കൂടുതലായി ആശയിച്ചിരുന്നത്. സർവിസ് പുനരാരംഭിക്കണമെന്ന് കാട്ടി പ്രദേശവാസികൾ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ദേശക്കല്ലും മൂട് ബസിന് തലയ്ക്കൽ സ്വകാര്യ ബസുകൾ സമയം തെറ്റിച്ച് ഓടിയത് മൂലം ദേശക്കല്ലുംമൂട് സർവിസിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു.
സ്വകാര്യ ബസുകൾ തോന്നിയ പടി ഓടിയിട്ടും പൊലീസോ മോട്ടോർ വാഹന വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. സ്വകാര്യ ബസ് ലോബിയുടെ കളികളാണ് സർവിസിന് മരണമണി മുഴങ്ങാൻ ഇടയാക്കിയത്. സി.കെ. നാണു ഗതാഗത മന്ത്രിയായിരുന്ന സമയത്ത് മണ്ണടി സുഗതന്റെ ശ്രമഫലമായാണ് സർവിസ് അനുവദിച്ചത്. സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡൻറ് അവി നാഷ് പള്ളിനഴികത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.