അടൂർ: ജല അതോറിറ്റിയുടെ വിതരണ പൈപ്പിന്റെ വാൽവിന് മുകളിലെ സ്ലാബ് തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. സംസ്ഥാന പാതയായ കെ.പി റോഡിൽ പറക്കോട് ജങ്ഷനിലെ റോഡിന്റെ ഒരു വശത്തെ സ്ലാബാണ് തകർന്നത്. ഇപ്പോൾ കോൺക്രീറ്റിളകി കമ്പി തെളിഞ്ഞ് കാണാവുന്ന നിലയിലാണ്. ടാറിങ് ഭാഗത്തേക്കാൾ സ്ലാബ് ഉയർന്നതിനാൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ സാധ്യതയേറെയാണ്.
തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പാത കൂടി യാണിത്. തൂത്തുക്കുടി തുറമുഖത്ത് നിന്ന് സിമൻറ് ഉൾപ്പടെ സാധനങ്ങളുമായി ചരക്കു ലോറികൾ, കണ്ടയ്നർ ലോറികൾ എന്നിവ രാപകൽ വ്യത്യാസമില്ലാതെ ഇതുവഴിയാണ് പോകുന്നത്. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളെ വലിയ ലോറികൾ മറികടക്കുമ്പോൾ സ്ലാബ് തകർന്നത് മൂലം ഇരുചക്ര- മുച്ചക വാഹനങ്ങൾക്ക് ഇടത്തോട്ട് നീങ്ങാൻ സൗകര്യമില്ല. അതിനാൽ വാഹനം തകർന്ന സ്ലാബിന് മുകളിലേക്ക് ഓടിച്ചു കയറ്റേണ്ട സ്ഥിതിയാണുള്ളത്. ബൈക്കുകളുടെ ടയർ സ്ലാബിന് ഇടയിലെ വിടവിൽ കുടുങ്ങി അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇവിടെ ജല വിതരണ പൈപ്പിന്റെ വാൽവിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നുമുണ്ട്. വെള്ളം സ്ലാബിന് സമീപം കെട്ടിക്കിടക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.