അടൂര്‍: വെള്ളാരംകുന്നില്‍ നാടന്‍ പന്തുകളിയുടെ അലയൊലികള്‍ ഉയരുന്നു. അന്യംനിന്നുപോകുന്ന നാടന്‍ പന്തുകളിയാണ് വെള്ളക്കുളങ്ങര വെള്ളാരംകുന്നില്‍ ഒരിടവേളക്കുശേഷം ചുവടുറപ്പിക്കുന്നത്. വെള്ളാരംകുന്നിലെ ചെറുപ്പക്കാര്‍ ഏെറനാളായി മുടങ്ങിക്കിടന്ന നാടന്‍ പന്തുകളി ടൂര്‍ണമെൻറ് തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.
20 വര്‍ഷംമുമ്പ് വെള്ളാരംകുന്നില്‍ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെൻറുകള്‍ നടന്നിരുന്നു. അഖില കേരള നാടന്‍ പന്തുകളി മത്സരമാണ് ഇവിടെ നടന്നത്. കുതിരമുക്ക്, മങ്ങാട്, നൂറനാട്, പറക്കോട്, പ്ലാേൻറഷന്മുക്ക്, ഇളമണ്ണൂര്‍ എന്നിവിടങ്ങളില്നിന്ന്്്് പ്രമുഖ നാടന്‍ പന്തുകളി ടീമുകള്‍ ടൂർണമെൻറിൽ പങ്കെടുത്തിരുന്നു. വെള്ളാരംകുന്ന് ടീം നിരവധി തവണ ട്രോഫിയും കരസ്ഥമാക്കി.
ചന്ദ്രസേനന്, രാജേഷ് കുമാര്‍, വിഷ്ണുലാല്‍, ജോഗേഷ്, രജനീഷ്, അശോക്, വിപിന്‍ വള്ളുവിളയില് (ഉണ്ണി), അനൂപ്, ഗോകുല്‍ , മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 10 വര്‍ഷമായി മുടങ്ങിക്കിടന്ന നാടന്‍ പന്തുകളി മത്സരം തിരികെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത്. ഇതിന് പിന്തുണയായി പ്രദേശവാസികളും നാട്ടുകാരുമുണ്ട്. മത്സരം പുനരാരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് നാടന്‍ പന്ത് വാങ്ങുകയും കളിക്കുന്ന സ്ഥലത്തെ കാട് വെട്ടി വൃത്തിയാക്കുകയും ചെയ്തു.
ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ചുമുതല്‍ ആറര വരെയുമാണ് ഇവിടെ നാടന്‍ പന്തുകളി നടക്കുക.
ഒറ്റ, പെട്ട, ചൊരു, താളം, കാലാംകീഴ്, ഇരിപ്പുതട്ട്, ചേന എന്നിവയാണ് നാടന്‍ പന്തുകളിയിലുള്ളത്. നാടന്‍ പന്തുകളിക്ക് ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാള്‍ എന്നിവയുടെ കളിരീതിയും നിയമങ്ങളുമായി സാമ്യമുണ്ട്. അഞ്ചുപേരുള്ള രണ്ട് ടീമുകളാണ് വേണ്ടത്.
ഫുട്ബാള്‍ മൈതാനത്തിന് സമമായ ഗ്രൗണ്ടാണ് വേണ്ടത്. തുകലില്‍ ചകിരി നിറച്ച പന്തുപയോഗിച്ചാണ് കളിക്കുന്നത്. വോളിബാളിലെ െസർവ് പോലെ തുടക്കം. നറുക്കെടുപ്പിലൂടെയാണ് ആദ്യംസെർവ് ചെയ്യാനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്. ഒരുകാലത്ത് നാട്ടുവഴികള്‍, ഗ്രൗണ്ടുകള്‍, കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ എന്നിവയെ സജീവമാക്കിയിരുന്ന നാടന്‍ പന്തുകളി ഇന്ന് നിന്നുപോകുമ്പോള്‍ അത് യുവതലമുറയുടെ മുന്നിലെത്തിക്കാന്‍ ശ്രമിക്കുകയാണ് വെള്ളാരംകുന്ന് യുവാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.