അടൂര്‍: തൊഴിലുറപ്പ് പണിക്കിടെ ഒപ്പിട്ട് ഫോട്ടോയുമെടുത്ത ശേഷം തൊഴിലാളികള്‍ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്നു മേറ്റുമാർക്ക് സസ്പെന്ഷന്. 70 തൊഴിലാളികള്‍ക്ക് ആ ദിവസത്തെ വേതനം നല്‍കുന്നതും തടഞ്ഞു. സംഭവത്തിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാനാണ് നടപടി സ്വീകരിച്ചത്.
മേറ്റുമാരായ ഒ. ലേഖ, എസ്. സുനിത, ടി. ശശികല എന്നിവരെയാണ് ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി, ബി.ജെ.പിയിലെ എം. മനു, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന് പള്ളിക്കല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ തൊഴിലുറപ്പ് ഓംബുഡ്സ്മാന് രാധാകൃഷ്ണക്കുറുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജനുവരി 20ന് പഞ്ചായത്തിലെ 20ാം വാര്‍ഡില്‍ ഭൂമി തട്ടുതിരിക്കല്‍, തീറ്റപ്പുല്‍ കൃഷി എന്നിവയുമായി ബന്ധപ്പെട്ട് ജോലി നടക്കുന്ന സ്ഥലത്തുന്ന് ഹാജര്‍ രേഖപ്പെടുത്തി, ഫോട്ടോയും എടുത്തതിന് ശേഷം മനുഷ്യചങ്ങലക്ക് പോയി എന്നാണ് പരാതി.
ഓംബുഡ്സ്മാന്റെ നിര്‍ദേശപ്രകാരം ബി.ഡി.ഒ നടത്തിയ അന്വേഷണത്തില്‍ 20ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോലിസ്ഥലത്ത് മേറ്റുമാരും തൊഴിലാളികളും ഗുരുതര കൃത്യവിലോപം കാട്ടിയെന്നും പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാതെ രാഷ്ട്രീയ സംഘടനകളുടെ പരിപാടിക്ക് പോയ മൂന്നു മേറ്റുമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. തൊഴിലാളികളുടെ വേതനം കുറവ് ചെയ്യുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് തൊഴിലാളികളുടെ യോഗത്തിലും മേറ്റുമാരുടെ പരിശീലനത്തിലും പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പ്രോഗ്രാം ഓഫിസറും പ്രത്യേക നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, കടമ്പനാട് പഞ്ചായത്തിലും തൊഴിലുറപ്പ് തൊഴിലാളികള്‍ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ സംഭവം വിവാദമായി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശം നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.