കെ.പി റോഡിൽ തട്ട പോയന്റിൽ ട്രാഫിക് സിഗ്നലിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡിലെ വെള്ളക്കെട്ട്
അടൂർ: ഹോളി ഏഞ്ചൽസ് സ്കൂളിന് മുൻവശത്തുകൂടി പോകുന്ന രണ്ട് പാതകളും സഞ്ചാരയോഗ്യമല്ലാതായി. മഴ പെയ്തതോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. മൂവായിരത്തോളം വിദ്യാർഥികൾ ഇതുവഴിയാണ് സ്കൂളിലേക്കും തൊട്ടടുത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി പോകുന്നത്.
കായംകുളം പത്തനാപുരം പാതയിൽ ട്രാഫിക് സിഗ്നൽ ഭാഗത്തുനിന്ന് ആരംഭിച്ച് നയനം തിയറ്റർ സമീപത്തെത്തുന്ന റോഡാണിത്. കെ.പി റോഡും എം.സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപപാത സ്കൂളിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. സെൻട്രൽ ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ ഇതുവഴി വാഹനം വഴിതിരിച്ചുവിടാനുമാകും.
വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ പോകുമ്പോൾ ചളിവെള്ളം കുട്ടികളുടെ യൂനിഫോമിലേക്കും തെറിച്ചുവീഴുന്നു. കെ.പി റോഡിൽ ഫാത്തിമ ടൂറിസ്റ്റ് ഹോമിെൻറ സമീപത്തുകൂടി സ്കൂളിന് മുൻവശത്ത് എത്തുന്ന ചെറുറോഡിൽ ചെറിയ ഒരു മഴപെയ്താൽ പോലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്.
വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. റെസിഡന്റ് ഏരിയ കൂടിയായ ഇവിടെ നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. നഗരമധ്യത്തിലുള്ള റോഡായിട്ടുകൂടി ഒരു അറ്റകുറ്റപ്പണികളും നടത്താൻ അധികൃതർ തയാറാകുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.