അടൂര്‍: കൊടും വളവിലും വാഹന തിരക്കുള്ളിടത്തും വാഹനപരിശോധന. നെല്ലിമൂട്ടിപ്പടിഭാഗത്തിന് സമീപമാണ് ടിപ്പർ ലോറികൾ തടഞ്ഞിട്ട് പരിശോധിക്കുന്നത്. എം.സി റോഡും ബൈപാസും ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയും സംഗമിക്കുന്ന നെല്ലിമൂട്ടില്‍പടി സിഗനല്‍ പോയന്റിന് സമീപം ഏറെതിരക്കുള്ള രാവിലെയും വൈകിട്ടുമാണ് പൊലീസ് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത്.
അമിതഭാരം വഹിക്കുന്നതിനാണ് പ്രധാനമായും ടിപ്പറുകള്‍ക്ക് പിഴചുമത്തുന്നത്. രാവിലെയും വൈകിട്ടും നിര്‍ദ്ദിഷ്ട സമയങ്ങളില്‍ ടിപ്പര്‍ സഞ്ചാരം നിരോധിച്ചിട്ടുള്ളതിനാലും വാഹന പരിശോധനക്കിടയിലും സമയം നഷ്ടപ്പെടുന്ന ടിപ്പര്‍ ഡ്രൈവര്‍മാര്‍ പിന്നീട് അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് പതിവാണ്. ശേഷിക്കുന്ന സമയം പരമാവധി ലോഡ് ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഒന്നും രണ്ടുമല്ല ഒരേ സമയം നിരനിരയായി ഏഴും എട്ടും ടിപ്പർ ലോറികളാണ് തടഞ്ഞിട്ട് പരിശോധന നടത്തുന്നത്. ഇതുമൂലം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഏറെയാണ്. ലോറികൾക്ക് പൊലീസ് പെട്ടന്ന് കൈകാണിക്കുമ്പോൾ പെട്ടെന്ന് നിർത്തുന്നതോടെ പുറകിൽ വരുന്ന വാഹനങ്ങൾ പിറകിൽ വന്നിടിച്ച് അപകടം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
ന്യൂജെന്‍ ബൈക്കുകളില്‍ സൈലന്‍സറുകളില്‍ കൃത്രിമംകാട്ടി ഒച്ചയുണ്ടാക്കി തലങ്ങുംവിലങ്ങും പായുന്നവരെ പൊലീസ് ശ്രദ്ധിക്കാറേയില്ല. റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തിയാല്‍ ഡ്രൈവറുടെ അടുത്തു ചെന്ന് കാര്യങ്ങള്‍ തിരക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടാറില്ല. പൊലീസ് ജീപ്പിനടുത്ത് ലോറി ഡ്രൈവർമാർ എത്തേണ്ട സ്ഥിതിയാണുള്ളത്. പാര്‍ക്കിങിനു സ്ഥലമില്ലാത്തയിടങ്ങളിലും കൊടുംവളവിലുമാണ് വാഹനപരിശോധനക്കായി പൊലീസ് നില്‍ക്കുന്നത്.
കൊടുംവളവിലെ മറവില്‍ നില്ക്കുന്ന പൊലീസ് സംഘത്തെ വാഹനമോടിക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. റോഡില്‍ തിരക്കുള്ള സമയമാണ് പരിശോധനക്ക് പൊലീസ് എത്തുന്നത്. വളവില്‍ മറഞ്ഞുനില്‍ക്കുന്ന പൊലീസിനെ കണ്ട് ഭയന്ന് വാഹനം വെട്ടിയൊഴിക്കാന് ശ്രമിക്കുന്നവര്‍ റോഡില്‍ വീഴുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.