അടൂര്‍: നഗരത്തില്‍ വഴിവിളക്കുകൾ കത്താത്തത് മൂലം രാത്രി യാത്ര ബുദ്ധിമുട്ടിലായി. നഗരത്തിലെ നിരത്തുകള്‍ മിക്കതും കൂരിരുട്ടിലാണ്. കടകളില്‍ നിന്നുള്ള വെളിച്ച മാണ് ഏക ആശ്രയം. രാത്രി ഒമ്പത് മണിയാവുന്നതോടെ കടകളടച്ചാല്‍ പിന്നെ തപ്പിത്തടഞ്ഞ് നടക്കേണ്ട അവസ്ഥയാണ്.
കെ.എസ്.ആര്.ടി.സി ജംഗ്ഷന്, സെന്‍ട്രല്‍ ജംഗ്ഷന്, ജനറൽ ആശുപത്രിക്ക് സമീപം, പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ വൈദ്യുത വിളക്കുകള്‍ കത്തുന്നില്ല. കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ ഹൈമാസ്റ്റിലെ രണ്ട് വിളക്കുകൾ മാത്രമാണ് കത്തുന്നത്. രാത്രിയാത്രക്കാര്‍ക്ക് പുറമെ പുലർച്ച പത്രം എടുക്കാനെത്തുന്ന ഏജന്റുമാരും പ്രയാസപ്പെടുകയാണ്.
കെ.പി. റോഡ്, എം.സി റോഡ്, പത്തനംതിട്ട-ശാസ്താംകോട്ട റോഡ് എന്നിവ സംഗമിക്കുന്ന അടൂരില്‍ തിരക്കേറെയാണ്. പുലർച്ച നൂറ് കണക്കിനാളുകളാണ് സ്റ്റാന്റിന് മുന്നില്‍ ബസ് കയറാനായി നിൽക്കുന്നത്. ഇവര്‍ ഇരുട്ടില്‍ നിൽക്കേണ്ട സ്ഥിതിയാണ്. രാത്രി തമിഴ്നാട്ടിലെ തൂത്തുക്കുടി, തെങ്കാശി ഭാഗങ്ങളില്‍ നിന്നും ചരക്ക് ലോറികള്‍ ഇതുവഴിയാണ് കായംകുളത്തെത്തി ദേശീയപാതയില്‍ പ്രവേശിക്കുന്നത്.
തിരുവനന്തപുരം, പുനലൂര്‍, പത്തനാപുരം ഭാഗത്ത് നിന്നും തടിയുമായി നിരവധി ലോറികളാണ് ഇതുവഴി പെരുമ്പാവൂരേക്ക് പോകുന്നത്. ഇത്തരം വാഹനങ്ങള്‍ പറക്കോട് മുതല്‍ ഹൈസ്കൂള്‍ ജംഗ്ഷന് വരെയുള്ളിടത്തെ കടകള്‍ക്ക് മുന്നില്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ ചായ കുടിക്കുന്നത് പതിവാണ്. അതിനാല്‍ ഇവിടെ റോഡരുകിലുള്ള കടകള്‍ക്ക് മുന്നില്‍ രാത്രി നല്ല തിരക്കാണ്. ഇവിടെയും വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പാര്‍ത്ഥസാരഥി-മൂന്നാളം റോഡ് ബൈപ്പാസില്‍ ചേരുന്ന കൊടും വളവുള്ള വട്ടത്തറപ്പടി ഭാഗത്ത് കൂരിരുട്ടാണ്. സെന്‍ട്രല്‍ ടോളിന് കിഴക്ക് കെ.പി റോഡില്‍ പലഭാഗത്തും വൈദ്യുത വിളക്കുകള്‍ ഇല്ല. ഇതുമൂലം കെ.പി റോഡിലൂടെ രാത്രി കാല്‍നട യാത്ര ദുരിത പൂർണമാണ്. ബൈക്ക് യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സന്ധ്യയായാല്‍ തെരുവ് നായകള്‍ അടൂര്‍ ടൗണിലെ നടപ്പാതകളിലാണ് കിടക്കുന്നത്. ഇരുട്ടുകാരണം നടപ്പാത വഴി എത്തുന്ന വര് തെരുവ്നായകളെ ചവിട്ടാനും കടിയേൽക്കാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.