അടൂർ: മഴക്കാലമായതോടെ അടൂരിൽ മോഷണം പെരുകുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണവും നടക്കുന്നത്. ചൊവ്വാഴ്ച വെള്ളക്കുളങ്ങര, വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം നടന്നു. പുതുവലിൽ ഒരു വീടിന്റെ വാതിൽ കുത്തി ത്തുറക്കാൻ ശ്രമം ഉണ്ടായി. പകൽ സി.സി.ടി.വിയില്ലാത്ത ക്ഷേത്രങ്ങൾ കണ്ടെത്തി രാത്രി കയറുന്നതാണ് പതിവ്. വെളളാരംകുന്ന് ക്ഷേത്രത്തിലും സമീപത്തെ വീടുകളിലൊന്നും സി.സി.ടി.വിയില്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കയറിയത്. അടൂർ സ്റ്റേഷൻ പരിധിയിൽ വലിയ ഒരു പ്രദേശം വരുന്നതിനാൽ പൊലീസിന് ഒരേ സമയത്ത് എല്ലായിടത്തും ഓടിയെത്താനാകുന്നില്ല. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഏനാദിമംഗലത്തും തെങ്ങമത്തും പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്നാണ് ആവശ്യം. അടൂർ സ്റ്റേഷനിൽനിന്ന് പൊലീസിന് ഏനാദിമംഗലത്തെ കുന്നിട, കുറുമ്പകര ഭാഗങ്ങളിൽ പോകണമെങ്കിൽ 50 മിനിറ്റ് വേണം. ജില്ല-താലൂക്ക് അതിർത്തിയായ പുതുവലിൽനിന്ന് 20 കിലോമീറ്റർ ദൂരമുണ്ട് അടൂർ സ്റ്റേഷന്. അതിനാൽ പുതുവലിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ദൂരക്കൂടുതൽ മൂലം പൊലീസ് ഓടിയെത്താൻ വൈകും. കൂടാതെ അടൂർ സ്റ്റേഷനിൽ കേസുകളുടെ എണ്ണം കൂടുതലുമാണ്. ഒരു മാസം 150 കേസുകളാണുള്ളത്. ഇതിൽ പകുതിയിൽ കൂടുതൽ വഞ്ചനക്കേസുകളാണ്. ഇവ പലതും ഏറെ സമയം എടുത്ത് അന്വേഷിക്കേണ്ടവയുമാണ്. ഇപ്പോൾ ഓൺലൈൻ തട്ടിപ്പ് കേസുകളും കൂടുതലായി വരുന്നുണ്ട്. ഓൺലൈൻ കേസിൽ പ്രതിയെ തിരക്കി പൊലീസിന് നോർത്ത് ഇന്ത്യയിൽ പോകേണ്ടതായി വരും.
പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം ഭാഗം കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നിട്ട് നാളേറെയായി. അടൂരിൽനിന്ന് തെങ്ങമത്ത് പോകണമെങ്കിൽ ഒരു മണിക്കൂർ സമയം വേണ്ടി വരും. പള്ളിക്കൽ ഭാഗത്ത് പ്രധാന പാതക്ക് പുറമെ നൂറ് കണക്കിന് ചെറുവഴികളാണുള്ളത്. ഇവിടെ ഒക്കെ സമയത്ത് എത്തിപ്പറ്റാൻ ഏറെ ബുദ്ധിമുട്ടാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകളുള്ള സ്റ്റേഷൻ കൂടിയാണ് അടൂർ. അക്രമസംഭവങ്ങൾ കൂടുതലുള്ള സ്ഥലമാണ് പള്ളിക്കൽ. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലം കൂടിയാണ് പള്ളിക്കൽ പഞ്ചായത്ത്. ഇവിടെ ഇളംപള്ളിൽ ഭാഗത്ത് ഇപ്പോഴും മണ്ണെടുപ്പ് വ്യാപകമാണ്. കൂടാതെ സാമൂഹിക വിരുദ്ധശല്യവും ഉണ്ട്. അടിപിടി കേസുകളും നിരവധിയാണ്. അതിനാൽ തെങ്ങമം കേന്ദ്രീ കരിച്ച് പോലീസ് സ്റ്റേഷൻ ആരംഭി ച്ചാൽ ഇവിടെ കൂടുതൽ പൊലീസിന് ശ്രദ്ധ ചെലുത്താനും കഴിയും.
അടൂർ സ്റ്റേഷനിൽ ഇൻസ്പെക്ടർ, അഞ്ച് എസ്.ഐ മാർ മൂന്ന് വനിത പൊലീസ് ഉൾപ്പെടെ 53 ഉദ്യോഗസ്ഥരാണ് ഉള്ളത്. അടൂർ നഗരസഭയും പള്ളിക്കൽ പഞ്ചായത്തും പൂർണമായും ഏഴംകുളം, ഏനാദിമംഗലം, ഏറത്ത് പഞ്ചായത്തുകളുടെ പകുതി ഭാഗവുമാണ് ഈ സ്റ്റേഷന്റെ പരിധിയിൽ വരുന്നത്. പുതുവലിൽ നില്ക്കുന്ന പൊലീസ് ടീമിന് ജില്ലാ അതിർത്തിയായ പള്ളിക്കൽ പഞ്ചായത്തിലെ ഇളംപള്ളിൽ, തെങ്ങമം ഭാഗ ത്ത് എത്തണ മെങ്കിൽ ഏറെ നേരം വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.