അടൂർ: പ്രദേശങ്ങളിലെ കെ.ഐ.പി കനാലുകളിൽ ശൗചാലയ മാലിന്യം തള്ളുന്ന സംഘങ്ങളെക്കുറിച്ചുള്ള കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ദിവസങ്ങൾക്ക് മുമ്പ് പഴകുളം ഭാഗത്തെ കനാലിൽ ശൗചാലയ മാലിന്യം തള്ളിയതാണ് അവസാനത്തെ സംഭവം. ഇതിനെതിരെ നാട്ടുകാർ ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നൽകിയിരുന്നു.
മാലിന്യം തള്ളിയവർക്കെതിരെ പഴുതുകൾ അടച്ച് അന്വേഷണം നടത്തുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. തുടരന്വേഷണങ്ങളിൽ സി.സി ടി.വി കാമറകൾ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നുവെങ്കിൽ പ്രതികളെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കാമായിരുന്നു. മാലിന്യം കനാലിലൂടെ കിലോമീറ്ററുകളോളം ഒഴുകിയതോടെ സമീപത്തെ കിണർ വെള്ളം മലിനമായി. സമീപത്തെ കിണറുകളിൽ വെളുത്ത പാടകൾ കാണുന്നതായി സമീപവാസികൾ പറയുന്നു.
സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞയാഴ്ച അഞ്ചിലധികം ലോഡ് മാലിന്യമാണ് കനാലിൽ ഒഴുക്കിയത്.
ഇതിനെതിരെ വീണ്ടും പഞ്ചായത്ത് സെ ക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അടൂർ പൊലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു.
പുന്തലപ്പടി-വെള്ളക്കുളങ്ങര ഭാഗത്തെ കനാലിൽ വർഷങ്ങളായി ശൗചാലയ മാലിന്യം തള്ളുന്നുവെന്ന് പരാതിയുണ്ട്. മാലിന്യം കലർന്ന വെള്ളം കിണറ്റിൽ കലർന്ന് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മൂലം കുടിവെള്ളം മലിനമായതിനെ തുടർന്ന് പലതവണ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അടൂർ ബൈപാസിനോട് ചേർന്ന് തോട്ടിൽ ശൗചാലയ മാലിന്യം തള്ളിയത്. ദുർഗന്ധം കാരണം ഈവഴി നടക്കാൻ സാധിക്കുന്നില്ല.
പറക്കോട് ടി.ബി ജങ്ഷന് സമീപത്തെ തോട്ടിലും പുതുശ്ശേരി ഭാഗത്തും ഏഴംകുളം ജങ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനലിലും മിനിഹൈവേക്ക് 100 മീറ്റർ ഉള്ളിലും എം.സി റോഡിൽ മിത്രപുരം ഭാഗത്തും നേരത്തേ ശൗചാലയ മാലിന്യം തള്ളിയിരുന്നു.
ടാങ്കർ ലോറികളിലാണ് ശൗചാലയ മാലിന്യം കനാലുകളിൽ തള്ളുകയാണ് പതിവ്. കനാൽ റോഡുകളിൽ വെളിച്ചമില്ലാത്തതും പരിസരങ്ങളിൽ വീടുകൾ ഇല്ലാത്തതുമാണ് മാലിന്യവുമായി എത്തുന്നവർക്ക് സഹായകമാകുന്നത്. ഈഭാഗത്ത് വെളിച്ചം എത്തിക്കുകയും കാമറ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഒരു പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.