അടൂർ: മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ച് സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തി ഒരുനാടിനെ ഞെക്കി കൊല്ലുന്നു. പഴകുളം പ്രദേശത്ത് കെ.ഐ പി (കല്ലട ഇറിഗേഷൻ) കനാലിൽ ലോഡ് കണക്കിന് കക്കൂസ് മാലിന്യമാണ് കഴിഞ്ഞദിവസം രാത്രി തള്ളിയത്. ശനിയാഴ്ച ഒറ്റ ദിവസം തന്നെ പഴകുളം പാസിന് സമീപത്തെ കനാലിലും അടൂർ ബൈപാസിനോട് ചേർന്ന തോട്ടിലുമാണ് കക്കൂസ് മാലിന്യം തള്ളിയത്. രണ്ടുദിവസം മുമ്പ് വെള്ളക്കുളങ്ങര ഭാഗത്ത് കനാലിൽ മാലിന്യം തള്ളിയിരുന്നു. ടാങ്കറുകളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. പഴകുളം പ്രദേശത്ത് കെ.ഐ.പി കനാലിൽ ലോഡ് കണക്കിന് കക്കൂസ് മാലിന്യമാണ് തള്ളിയത്. അത് കിലോമീറ്ററുകളോളം കനാലിലൂടെ ഒഴുകിയതായി നാട്ടുകാർ പറയുന്നു.
കനാലിലൂടെ ഒഴുകുന്ന മാലിന്യം സമീപത്തെ കിണറുകളിലേക്ക് ഇറങ്ങി വെളുത്ത പാടകൾ കാണുന്നതായി സമീപ വാസികൾ വ്യക്തമാക്കുന്നു. ഇത് വലിയ രീതിയിലുള്ള പകർച്ച വ്യാധിയിലേക്ക് പോകുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. അടൂർ ബൈപാസിലും വെള്ളക്കുളങ്ങരയിലും സമാന അവസ്ഥയാണ്. ബൈപാസിലെ തോട്ടിലെ വെള്ളത്തിന്റെ നിറം പോലും കറുപ്പായിട്ടുണ്ട്. ഈ ഭാഗത്ത് പതിവായുണ്ടാകുന്ന ദുർഗന്ധം കാരണം വഴിയാത്രികർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അടൂരിലും പരിസരങ്ങളിലും കനാലിലും കനാൽ കരകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്ന സംഭവത്തിൽ അധികാരികൾക്ക് നിരന്തരം പരാതി നൽകിയിട്ടും നടപടികളൊന്നും എടുക്കുന്നില്ലെന്ന് നാട്ടുകാർപരാതിപ്പെടുന്നു. പ്രദേശത്ത് ആശുപത്രി മാലിന്യം, മത്സ്യ-മാംസ മാലിന്യങ്ങൾ തുടങ്ങിയവയും വ്യാപകമായി തള്ളുന്നുണ്ട്.
കനാൽ പരിസരത്ത് കാട് വെട്ടാത്തതും രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്തതതും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്തതും സാമൂഹ്യവിരുദ്ധർക്ക് സഹായമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പാർഥസാരഥി ജങ്ഷൻ വട്ടത്തറപ്പടി റോഡരികിലെ കൈത്തോട്ടിലേക്ക് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അടൂർ നഗരസഭ, പള്ളിക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന പള്ളിക്കലാറ്റിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്.
അടൂർ ഭാഗത്തെ ജലാശയങ്ങളിലും കൈത്തൊട്ടിലും മിക്കദിവസങ്ങളിലും ദ്രവമാലിന്യം തള്ളുന്നുണ്ട്. ഇപ്പോൾ കൈത്തോടിന്റെ അടിവശം കറുത്ത നിറത്തിലാണ്.കൂടാതെ തോടിന്റെ ഇരുവശവും എണ്ണമയം പറ്റിപിടിച്ചതായി നാട്ടുകാർ പറയുന്നു. നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും ശക്തമായ നടപടി സ്വീകരിച്ചാൽ മാലിന്യം തള്ളൽ എന്നേ നിർത്താലാക്കാൻ കഴിയുമായിരുന്നു. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സി.സി.ടി.വി ക്യാമറകളുണ്ട്. ഇത് പരിശോധിച്ചാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയും. നീർച്ചാലുകൾ മലിനമാക്കുന്ന ഇക്കൂട്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയ വിഷയത്തിൽ പൊതുപ്രവർത്തകരായ എസ്. സജീവ് പഴകുളം, തട്ടത്തിൽ ബദറുദീൻ, നൗഷാദ് നെല്ലിവിള കിഴക്കേതിൽ, റഹിം കോഴിശ്ശേരി, ഷിഹാബുദീൻ മുരുങ്ങാല്ലയ്യത്ത് കിഴക്കേതിൽ, നജീബ് തുണ്ടുപറമ്പിൽ, സിദ്ധീഖ് കലതിവിള എന്നിവരുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ഥലം സന്ദർശിച്ച അടൂർ എസ്.എച്ച്.ഒ. ശ്യാം മുരളി മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. മാലിന്യം നിക്ഷേപിച്ചവരെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്ന് അടൂർ എസ്.ഐ അനിഷ് എ.പി. പറഞ്ഞു. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നി വർ സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.