അടൂർ: ഇന്ത്യൻ കരസേനയിൽ സുബേദാർ മേജർ ആയിരുന്ന പിതാവിന്റെ സേവനം ഇത്രത്തോളം ധീരതയുടെ കൊടുമുടിയിലായിരുന്നെന്നത് അനുഭവത്താൽ അറിയുകയാണ് ആര്യ ആർ. നായർ എന്ന എം.ബി.ബി.എസ് വിദ്യാർഥിനി. മിസൈൽ ഭീതിയിൽ നൂറിലേറെ മലയാളി വിദ്യാർഥികളോടൊപ്പം യുക്രെയ്നിൽ ഖർകിവ് മെഡിക്കൽ സർവകലാശാല കോളജ് ഹോസ്റ്റലിൽ കഴിയുകയാണ് ആര്യ. ഏനാദിമംഗലം ഇളമണ്ണൂർ 'കീർത്തനം' (ചാലൂർ) വീട്ടിൽ സി.ആർ. രഘുകുമാറിന്റെയും ഇളമണ്ണൂർ കെ.പി.പി.എം യു.പി സ്കൂൾ പ്രധാനാധ്യാപിക അജിതകുമാരിയുടെയും ഏകമകൾ.
2021 ഡിസംബർ ഒമ്പതിനാണ് ഖർകിവ് മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് പഠനത്തിന് എത്തിയത്. അടുത്തടുത്ത മൂന്ന് ഹോസ്റ്റലുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ താമസിക്കുന്നു. വി.എൻ. കരാസിൻ, ഖർകിവ് മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികളാണിവർ.
ആര്യ താമസിക്കുന്ന ഹോസ്റ്റലിൽ എല്ലാവരും ഇന്ത്യക്കാരാണ്. നൂറിലേറെ മലയാളി വിദ്യാർഥികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ ഹോസ്റ്റലിന്റെ ഭൂഗർഭ അറയിൽ കഴിയുകയാണ്. ഇടക്കിടെ മിസൈലും ബോംബും വീഴുന്ന ശബ്ദങ്ങൾ കേൾക്കുന്നതായും അത് ക്രമേണ അടുത്തടുത്തു വരുന്നതായും തോന്നുന്നെന്ന് ആര്യ ഞായറാഴ്ച വൈകീട്ട് നാലിന് (യുക്രെയ്ൻ സമയം ഉച്ചക്ക് 12) വാട്സ്ആപ്പിലൂടെ 'മാധ്യമ'ത്തോടു പറഞ്ഞു. ഹോസ്റ്റൽ കെട്ടിടം ഇടക്കിടെ പ്രകമ്പനം കൊള്ളുന്നു. മുകളിൽ അടുക്കള ഉണ്ടെങ്കിലും പാകം ചെയ്യാൻ കഴിയില്ല. മുറിയിൽ പോയി പ്രഭാതകൃത്യങ്ങൾ നിർവഹിച്ച സമയം പുറത്ത് മിസൈൽ ശബ്ദം കേട്ടതായും വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം വന്നതിനെത്തുടർന്ന് വീണ്ടും ബങ്കറിൽ അഭയം പ്രാപിച്ചെന്നും ആര്യ പറഞ്ഞു.
ബിസ്കറ്റ്, ബ്രെഡ് എന്നിവ മാത്രമാണ് ഭക്ഷണം. യന്ത്രസഹായത്താലാണ് കുടിവെള്ളം ശേഖരിക്കേണ്ടത്. രണ്ട് ദിവസത്തേക്കു മാത്രമാണ് ഇവ സ്റ്റോക്കുള്ളത്. റഷ്യക്കടുത്ത് കിഴക്കൻ പ്രദേശത്താണ് കഴിയുന്നത് റുമേനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ പടിഞ്ഞാറൻ ദേശങ്ങൾ താണ്ടി 1500 കി.മീ. യാത്ര ചെയ്ത് രാജ്യം കടന്നാലേ നാട്ടിൽ എത്താൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. യുദ്ധമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും യുദ്ധം അവസാനിക്കണേ എന്ന് ദൈവത്തോട് എല്ലാവരും പ്രാർഥിക്കുകയാണെന്നും ആര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.