പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്തിലെ വാഴമുട്ടത്ത് പള്ളിമുരുപ്പ് കോളനിയിലെ അഗ്രോ സർവിസ് സെന്റർ കെട്ടിടം പട്ടാപ്പകൽ തീയിട്ട് നശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ ഓട്ടോയിൽ വന്ന ചിലരാണ് തീയിട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടത്തിനുള്ളിലെ മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. വിള്ളൽ വീണ് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയെത്തുടർന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
1995ൽ കൃഷി വകുപ്പിന്റെ അഗ്രോസർവിസ് സെന്റർ സ്ഥാപിക്കാൻ കോളനിലുള്ള ഭാർഗവി എന്ന വ്യക്തി സൗജന്യമായി നൽകിയ മൂന്നുസെന്റിലാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിച്ചിരിക്കുന്നത്.
കുറെനാൾ സെന്റർ പ്രവർത്തിച്ചിരുന്നു. പിന്നീട് പ്രവർത്തനം നിലച്ചപ്പോൾ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത വ്യക്തിയുടെ അടുത്ത ബന്ധുക്കൾ ഇവിടെ താമസം ആരംഭിച്ചതായി നാട്ടുകാർ പറഞ്ഞു. ഇവർക്ക് താമസിക്കാൻ വീടില്ലെന്നുപറഞ്ഞാണ് താമസം തുടങ്ങിയത്. ഇവരുടെ സാധനസാമഗ്രികളാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെ ബന്ധുക്കൾ തമ്മിലുണ്ടായ വഴക്കിനുശേഷമാണ് തീപിടിത്തമുണ്ടായതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.