കുടശ്ശനാട്: പത്തനംതിട്ട-ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്ങാലിപ്പാടശേഖരത്തിൽ വില്ലേജ് ടൂറിസം സെന്ററിന് പദ്ധതി നടപ്പാക്കാൻ അനുമതി. പാലമേൽ പഞ്ചായത്തിൽ വരുന്ന പ്രദേശത്തേക്ക് കുടശ്ശനാട് ഭാഗത്തുനിന്ന് വേഗത്തിലെത്താം. പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി വേഗത്തിൽ വളരുകയാണ്. ഇവിടെയുള്ള ചാലും പാടവും ചേർന്ന് നടത്താൻ കഴിയുന്ന വിനോദസഞ്ചാര സാധ്യത കണ്ടെത്തിയ പാലമേൽ പഞ്ചായത്ത് ഇതിനായി ബൃഹത്പദ്ധതി തയാറാക്കി നൽകാൻ ഒരു ഏജൻസിയെ ചുമതലപ്പെടുത്തിരിക്കുകയാണ്. മൂന്നര ഏക്കർ വരുന്ന പുറംപോക്കിലാണ് പദ്ധതി തുടങ്ങാൻ ആലോചിച്ചത്.
ഇതിനു കാലതാമസം വരുമെന്ന് മനസ്സിലാക്കി വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനായി ' ശാന്തിഗിരി വില്ലേജ് ടൂറിസം സെൻറർ' പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് ഒരു തുക വാടകയിനത്തിൽ ഈടാക്കി ഇവർക്ക് പദ്ധതി നടപ്പാക്കാൻ അനുമതിയും നൽകി. വെള്ളം നിറഞ്ഞുനിന്ന കരിങ്ങാലിപ്പാടത്തും കരിങ്ങാലിച്ചാലിലും ഡിസംബറിൽ കൊട്ടവഞ്ചിയും വള്ളവും പെഡൽ ബോട്ടും ഓടിത്തുടങ്ങി. അസ്തമയം കണ്ടും കാറ്റുകൊണ്ടും വഞ്ചിയിൽ ഒഴുകി നടക്കാൻ ആളുകൾ എത്തിയതോടെ ഈ പ്രദേശം ചെറിയ വിനോദസഞ്ചാരകേന്ദ്രമായി.
പരിചയ സമ്പന്നരായ തുഴച്ചിലുകാരെയും സുരക്ഷ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാടത്ത് കൃഷിയിറക്കുന്ന സമയമായതോടെ പാടത്തെ വെള്ളം വറ്റിച്ചതിനാൽ ഇപ്പോൾ ചാലിലൂടെയാണ് കൊട്ടവഞ്ചി സവാരിക്ക് സൗകര്യമുള്ളത്. കുടശ്ശനാട് തിരുമണിമംഗലം ക്ഷേത്രത്തിനു മുന്നിലൂടെ പടനിലത്തേക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പണിത റോഡിലൂടെ കരിങ്ങാലിച്ചാൽ പുഞ്ചയിൽ എത്തിച്ചേരാം. പാടം കടന്നാൽ പടനിലം വഴി കെ.പി.റോഡിലേക്കും പോകാം. പന്തളം നഗരസഭയിൽപെട്ട കരിങ്ങാലിപ്പാടത്ത് ഇതുപോലെയുള്ള പദ്ധതി നടപ്പാക്കുന്നതിനായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികാരികൾ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ഏറെ ദേശാടനക്കിളികൾ പറന്നെത്തുന്ന സ്ഥലംകൂടിയാണ് പന്തളം നഗരസഭ പ്രദേശത്തുള്ള കരിങ്ങാലിപ്പാടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.