പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നൽകി വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിൽ 18കാരനും ഒത്താശചെയ്ത പിതാവും അറസ്റ്റിൽ.
പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ ഗണേശന്റെ മകൻ പ്രകാശ് (18), പിതാവ് തമിഴ്നാട് തെങ്കാശ്ശി കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ (44) എന്നിവരാണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. മേയ് 31 ന് രാവിലെ എട്ടിനാണ് 17കാരിയെ വീട്ടിൽനിന്ന് കാണാതായത്. വെച്ചൂച്ചിറ പൊലീസ് പ്രാഥമിക അന്വേഷണ ശേഷം, പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ഗണേശൻ താമസിക്കുന്ന കടത്തറ കാടിനോട് ചേർന്ന സ്ഥലത്ത് പെൺകുട്ടിയുള്ളതായി വ്യക്തമായി.
സുഹൃത്ത് പ്രകാശിനൊപ്പമാണെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു. തുടർന്ന് എസ്.ഐ സായ് സേനന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മഫ്ത്തിയിൽ സ്ഥലത്തെത്തി വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രാത്രി 10.15ന് പെൺകുട്ടിയെ കടത്തറ കാടിനുള്ളിൽ കണ്ടെത്തിയെങ്കിലും യുവാവ് പൊലീസിനെ കണ്ട് കടന്നുകളഞ്ഞു. പ്രകാശുമായുള്ള ബന്ധം മനസ്സിലാക്കിയ സഹോദരൻ ഇയാളെ ഫോണിൽ വിളിച്ച് താക്കീത് ചെയ്തതിനെ തുടർന്ന് വീടുവിട്ട് ഇറങ്ങിവരണമെന്ന് പ്രകാശ് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി തെങ്കാശ്ശിയിൽ എത്തിയപ്പോൾ അവിടെ ബസ്സ്റ്റാൻഡിൽ യുവാവും പിതാവ് ഗണേശനും കാത്തിനിന്നു.
ഗണേശന്റെ വീട്ടിലെത്തിച്ച ശേഷം പൊലീസ് എത്താൻ സാധ്യതയുള്ളതിനാൽ കാട്ടിനുള്ളിലെ പാറയിടുക്കിൽ ഇരുവരെയും എത്തിച്ച് അവിടെ മകനും പെൺകുട്ടിക്കും കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്തു.വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ ബുധനാഴ്ച സംഭവസ്ഥലത്തെത്തിയ സംഘം നടത്തിയ തിരച്ചിലിൽ ഗണേശനെ താമസ സ്ഥലത്തുനിന്നും പിടികൂടി. ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരമനുസരിച്ച് യുവാവിന്റെ അമ്മവീടായ ആര്യങ്കാവ് ഗിരിജൻ കോളനിയിൽനിന്ന് പ്രകാശിനെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.