നാരങ്ങാനം: സ്വാതന്ത്ര്യസമര സ്മരണകൾ പേറുന്ന നാരങ്ങാനത്തെ വായനശാലക്ക് പൂട്ടിട്ട് പഞ്ചായത്ത് ഭരണസമിതി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചതാണ് വായനശാലയെന്നും അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചത് ഇവിടെ നിന്നാണെന്നും പഴയ തലമുറക്കാർ പറയുന്നു. ആലുങ്കലിലെ നാരങ്ങാനം പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് വായനശാല നിലവിൽ പ്രവർത്തിച്ചിരുന്നത്. അടച്ചുപൂട്ടിയതിന് തുടർന്ന് വരുത്തിയിരുന്ന ദിനപ്പത്രങ്ങൾ എല്ലാം നിർത്താനും സി.പി.എം ഭരണസമിതി തീരുമാനിച്ചു.
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് പ്രദേശിക തലത്തിൽ നേതൃത്വം നൽകിയ വായനശാലയെയാണ് കൊല്ലാക്കൊല ചെയ്യുന്നത്. നാരങ്ങാനം സ്വദേശികളായ മുൻ എം.എൽ.എമാരായ പരീത് രാവുത്തർ, എൻ.ജി. ചാക്കോ തുടങ്ങിയവർ നാരങ്ങാനത്തിന്റെ വികസന ചർച്ചകൾക്ക് വേദിയാക്കിയിരുന്നതും ഈ വായനശാലയായിരുന്നു. ഇവിടെ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വില്ലേജ് ഓഫിസ്, എസ്.ബി.ഐ, മൃഗാശുപത്രി എന്നിവയൊക്കെ വന്നതെന്നും അവർ വേദനയോടെ പറയുന്നു. നിരവധി പേർ പത്രവായനക്ക് ആശ്രയിച്ച വായനശാലയുടെ പ്രവർത്തനമാണ് ഭരണസമിതി ഇപ്പോൾ അവസാനിപ്പിച്ചത്.
വളരെ വിശാലമായ വായനശാലയുണ്ടായിരുന്നെങ്കിലും ആ സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ വന്നതോടെ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്റ്റെയർകേസിന് അടിഭാഗത്ത് ഒരു മേശയും ബെഞ്ചും മാത്രം ഇട്ട് പ്രവർത്തനം തുടർന്നിരുന്നു. പിന്നീട് ഉപയോഗശൂന്യമായ സാധനങ്ങൾ വെക്കാൻ തുടങ്ങി. അതോടെ പത്രം വായിക്കാൻ ആരും വരാതായി. ഇപ്പോൾ വായിക്കാൻ ആളില്ലെന്ന ന്യായം പറഞ്ഞാണ് അഞ്ചോളം ദിനപ്പത്രങ്ങൾ നിർത്തിയത്.
1945 മുതലുള്ള 6000ത്തിലേറെ പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാലയും പ്രവർത്തിച്ചിരുന്നു. ഇവിടെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. വായിക്കാൻ ആളില്ലാത്തതിനാലാണ് നിർത്തിയതെന്നാണ് ഭരണസമിതിയുടെ ന്യായം. വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.