കോഴഞ്ചേരി: പ്രസവ ശസ്ത്രക്രിയ ആവശ്യമുള്ള ഗർഭിണികളെ മറയാക്കി കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ നടന്ന രക്തക്കച്ചവടത്തിന്റെ തെളിവുകൾ ഇല്ലാതാക്കാൻ തീവ്രശ്രമം. രക്തക്കച്ചവടത്തെക്കപ്പറ്റി അടിയന്തര അന്വേഷണം പ്രഖ്യാപിച്ച ആരോഗ്യവകുപ്പ് ഇതുവരെ തുടർനടപടികളിലേക്ക് കടന്നില്ല. സംഭവം പുറത്തുവന്ന് രണ്ടാഴ്ചയായിട്ടും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണ സംഘം ജില്ല ആശുപത്രിയിൽ എത്തിയില്ല. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ജില്ല മെഡിക്കൽ ഓഫിസർ സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് അയച്ചിരുന്നതാണ്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ആശുപത്രി സൂപ്രണ്ടിൽനിന്നും സീനിയർ ഡോക്ടർമാരിൽനിന്നും ഗൈനക്കോളജി വിഭാഗത്തിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഉന്നതരുമായി അടുപ്പമുള്ള മുതിർന്ന ഡോക്ടറുടെ നേതൃത്വത്തിൽ തെളിവുകൾ ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് ആക്ഷേപമുണ്ട്.
പ്രസവ ശസ്ത്രക്രിയ ആവശ്യമുള്ള ഗർഭിണികൾക്ക് രക്തം ക്രോസ് മാച്ച് ചെയ്ത് വാങ്ങുന്നതിനായി സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതിന്റെ രേഖകളടക്കം രണ്ട് രജിസ്റ്റർ ബുക്കുകൾ കാണാതായ സംഭവത്തിൽ ആറന്മുള പൊലീസിന്റെ അന്വേഷണവും മെല്ലപ്പോക്കിലാണ്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ മൂന്നിന് പൊലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നുമാത്രമാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, കോവിഡ് കാലത്ത് ഭക്ഷണത്തിനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുമായി ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് അനുവദിച്ച ഒരു കോടിയോളം രൂപയുടെ ഓഡിറ്റ് നടന്നിട്ടില്ല. രക്തക്കച്ചവടത്തെക്കുറിച്ച് വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് അറിഞ്ഞതോടെ കോവിഡ് പ്രതിരോധത്തിന് അനുവദിച്ച ഫണ്ട് വിനിയോഗത്തിന്റെ ഫയലുകളും അപ്രത്യക്ഷമായി. ആശുപത്രി വളപ്പിലെ കോഫി ഷോപ് അടക്കം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത ചിലരിലേക്ക് സംശയമുന നീളുന്നുണ്ട്. കോവിഡ് കാലത്തെ ഭക്ഷണച്ചെലവിനുള്ള ലക്ഷങ്ങൾ കരാറുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത് എങ്ങനെയെന്ന് ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചോദിക്കുന്നു. ജില്ല ആശുപത്രി മാനേജിങ് കമ്മിറ്റി യോഗം ചേർന്നിട്ട് നാലുമാസത്തിലേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.