പാലം ‘കടക്കാനാവാതെ’അടൂർ: ഈ അധ്യയന വർഷത്തിലും ഏനാത്ത് നമ്പിമണ്‍ കടവ് തൂക്കുപാലം വിദ്യാർഥികൾക്ക് പ്രയോജനപ്പെടില്ല. പാലം സഞ്ചാരയോഗ്യമാക്കാന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷന് ഉത്തരവ് ഇറക്കി മൂന്നുവർഷം ആകാറായിട്ടും അധികൃതര്‍ നിർദേശങ്ങൾ പാലിച്ചിട്ടില്ല.
തൂക്കുപാലത്തിന് സംഭവിച്ച കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുകയോ പുനർനിർമാണം നടത്തുകയോ ചെയ്യണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ 2020 സെപ്റ്റംബറിൽ ഉത്തരവിട്ടിരുന്നത് പത്തനംതിട്ട, കൊല്ലം ജില്ല കലക്ടർമാരും കുളക്കട, ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമീഷനെ അറിയിക്കണമെന്നും കമീഷൻ അംഗം ബീനാകുമാരി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. പ്രകൃതിദുരന്തമാണ് പാലം തകരാറിലാവാൻ കാരണമെങ്കിലും അധികാര കേന്ദ്രങ്ങളുടെ താൽപര്യക്കുറവ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞിരുന്നു.
കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിന് കുറുകെ നമ്പിമണ്‍കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിക്കായി കുളക്കട പഞ്ചായത്തും കൊല്ലം ജില്ല പഞ്ചായത്തും ചേര്‍ന്ന് പദ്ധതി തയാറാക്കി തുകയും അനുവദിച്ച ശേഷം പിന്മാറി. 2012 ജൂണ്‍ 12നാണ് ഇലക്ട്രിക്കല്‍ ആന്‍ഡ് അലീഡ് എന്‍ജിനീയറിങ് (കെല്) കമ്പനിയുടെ നേതൃത്വത്തില്‍ പാലം സ്ഥാപിച്ചത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ പാലത്തിന്റെ നടപ്പാതകള്‍ ഇളകി.
പ്രളയത്തില്‍ ബലക്ഷയം നേരിട്ടു. തുടര്‍ന്ന് 2018 മാര്‍ച്ച് 28ന് പാലത്തിലൂടെ കാല്‍നട നിരോധിച്ച് കൊല്ലം ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്. ജൂണില്‍ കുളക്കട ഗ്രാമപഞ്ചായത്തിന്റെയും കൊല്ലം ജില്ല പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് 12,77,149 രൂപയുടെ പദ്ധതി തയാറാക്കി കെല്ലിന് കൈമാറി. എന്നാല്‍, ഇതിനു ശേഷം ഇരു ജില്ലയിലെയും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ പങ്കെടുത്ത യോഗ തീരുമാനം തിരിച്ചടിയായി.
തൂക്കുപാലത്തിന്റ കൂടുതല്‍ ഭാഗവും ഗുണഭോക്താക്കളില്‍ അധികം ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ടതിനാല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് കൊല്ലം ജില്ല അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചു. നാട്ടുകാരനും ഏഴംകുളം പഞ്ചായത്ത് അംഗവുമായ തുണ്ടത്തില്‍ വിനോദ് കുമാർ നല്കിയ പരാതിക്ക് മനുഷ്യാവകാശ കമീഷനില്‍നിന്ന് ലഭിച്ച മറുപടിയിലാണ് കൊല്ലം ജില്ല ഭരണകൂടം വിശദീകരണം നൽകിയത്.
പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയാൽ 10 മിനിറ്റിനുള്ളിൽ കൊല്ലം ജില്ലയിലെ കുളക്കട ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് എത്തിച്ചേരാം. തിരിച്ച് വീടുകളിലേക്കും. പാലം തുറന്ന് കൊടുക്കാത്തത് കാരണം ഒരു മണിക്കൂറെടുത്ത് ആറ് കിലോമീറ്ററധികം നടന്നാണ് അവർ സ്കൂളിൽ എത്തുന്നത്.
രക്ഷിതാക്കളും കുളക്കട ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ അധികൃതരും നാട്ടുകാരും മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലം കണ്ടില്ല. 2021ൽ ജൂലൈയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സ്ഥലം സന്ദർശിക്കുകയും തൂക്കുപാലം പുനർനിർമിക്കാൻ വേണ്ട നടപടികൾ എടുക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഇരു ജില്ലയിലെയും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇല്ലാത്തതിനാല്‍ സഞ്ചാരയോഗ്യമായ പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.