പത്തനംതിട്ട: കാലാവസ്ഥ മാറിയതോടെ തേനീച്ച കർഷകർ കടുത്ത പ്രതിസന്ധിയിൽ നട്ടംതിരിയുന്നു. മഴയും ചൂടും മാറിമാറി വരുന്ന കാലാവസ്ഥ തേൻ ഉൽപാദനം കുറയാൻ കാരണമാകുന്നു. മഴമൂലം തേനിൽ ജലാംശം കൂടിയാൽ ഉപയോഗിക്കാൻ കഴിയില്ല. ചൂട് വർധിച്ചാൽ കട്ടപിടിക്കുകയും ഉൽപാദനം കുറയുകയും ചെയ്യും. സന്തുലിതമായ കാലാവസ്ഥയാണ് തേനീച്ചകൃഷിക്ക് ആവശ്യം. കാലാവസ്ഥയിലെ പ്രകടമായ വ്യതിയാനംമൂലം ഇപ്പോൾ പ്രതീക്ഷിക്കുന്ന അളവിൽ തേൻ ലഭിക്കുന്നില്ല. ഒരു തേൻപെട്ടിയിൽനിന്ന് മൂന്നുമാസത്തിനുള്ളിൽ പത്ത് മുതൽ 15 കിലോഗ്രാം വരെ വൻതേൻ ലഭിക്കുന്നതാണ്. മൂന്നാഴ്ച കൂടുമ്പോഴാണ് തേൻ എടുക്കുന്നത്. ചെറുതേൻ 250 ഗ്രാമോ അതിൽ കൂടുതലോ കിട്ടും. വൻതേനിന് കിലോക്ക് 350 രൂപയും ചെറുതേനിന് 2500 രൂപയുമാണ് വില. ചെറുതേനീച്ചകൾ പൂമ്പൊടിയിൽനിന്നുള്ള തേൻ മാത്രമേ എടുക്കൂ. ഇതുമൂലം ചെറുതേനിന് ഗുണംകൂടും.
ജില്ലയിൽ അഞ്ഞൂറോളം തേനീച്ച കർഷകരുണ്ട്. ചെറുകിട കർഷകരാണ് മിക്കവരും. ആനുകൂല്യങ്ങൾ കൃത്യമായി സർക്കാറിൽനിന്ന് ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയാണ്. ഖാദി ബോർഡിന്റെയും കൃഷി വിജ്ഞാൻ കേന്ദ്രയുടെയും നേതൃത്വത്തിൽ കർഷകർക്ക് നാല് ദിവസത്തെ പരിശീലനം നൽകാറുണ്ട്. 4000 മുതൽ 5000 രൂപവരെ ഇതിന് കർഷകർ നൽകണം. പരിശീലനത്തിന് ശേഷം അഞ്ച് കൂട് സബ്സിഡി ഇളവിൽ നൽകും. എന്നാൽ, പലപ്പോഴും കൂട് നൽകുന്നത് താമസിച്ചാണെന്ന് പരാതിയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ കൂട് ലഭിച്ചാലേ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കാൻ കഴിയൂ. ഹോർട്ടികോർപ് വഴിയും തേനീച്ചക്കൂട് വിതരണം ചെയ്യുന്നു. ഇതിന് പ്രത്യേക ആനുകൂല്യങ്ങൾ ഇല്ല. തേനീച്ച കൃഷി മലയോര മേഖലയിൽ ഇപ്പോൾ സജീവമാണ്. മായം കലരാത്ത തേനിന് ഡിമാൻഡുള്ളതിനാൽ നല്ല വില ലഭിക്കും. ഉൽപാദന ചെലവ് കുറവാണ്. പറമ്പിലെ മറ്റ് കൃഷികൾക്കിടയിൽ തേനീച്ചപ്പെട്ടി സ്ഥാപിക്കുന്നതുമൂലം ഇതിന് പ്രത്യേക സ്ഥലം വേണ്ടിവരുന്നില്ല എന്ന ഗുണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.