പത്തനംതിട്ട: ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും കാമുകിമാരുമായുള്ള ലാസ്യ നൃത്തരംഗം വേദിയിൽ പകർന്നാടി കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ജില്ല കഥകളി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്റ്റുഡന്റ്സ് കഥകളി ക്ലബ് രൂപവത്കരണത്തിന്റെ ജില്ലതല ഉദ്ഘാടന വേദിയിലാണ് കലക്ടർ വേഷമിട്ടത്. പത്തനംതിട്ട മാർത്തോമ സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വേദി ഒരുങ്ങിയത്.
ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയായി കലാമണ്ഡലം വിഷ്ണുവുമാണ് ഒപ്പം അരങ്ങിലെത്തിയത്. ഒരുമണിക്കൂർ ദൈർഘ്യമുള്ള ശൃംഗാരപ്പദം ആടിത്തീർന്നപ്പോൾ നിറഞ്ഞ കൈയടിനൽകി സദസ്സ്.
കുട്ടിക്കാലം മുതൽക്കെ നൃത്തത്തോട് അഭിനിവേശം മനസ്സിലുണ്ടായിരുന്നു. ഒഡീസി, ഭരതനാട്യം, കുച്ചിപ്പുഡി തുടങ്ങിയവ അഭ്യസിച്ചെങ്കിലും കഥകളി അവതരിപ്പിക്കാനുള്ള തീവ്രമായ അഭിലാഷം മനസ്സിലുണ്ടായിരുന്നു. ഈ പൂർത്തീകരണം കൂടിയാണ് കലക്ടർ പദവിയിൽ ഇരിക്കുമ്പോഴും ദിവ്യയെ അയിരൂർ കഥകളി ക്ലബിന്റെ വേദിയിലെത്തിച്ചത്.
നേരത്തേ കഥകളി മേള നടന്ന സമയത്ത് അരങ്ങേറ്റം നിശ്ചയിച്ചിരുന്നെങ്കിലും വെള്ളപ്പൊക്കത്തിലെ ജോലിത്തിരക്കുകൾ കാരണം നടന്നില്ല.എന്നാൽ, കഥകളി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ക്ലബ് രൂപവത്കരിക്കുന്നതിനുള്ള ജില്ലതല ഉദ്ഘാടനത്തിൽ അവസരമൊരുങ്ങിയതോടെയാണ് പരിശീലനം ഗൗരവമായെടുത്തതെന്ന് കലക്ടർ പറഞ്ഞു. കഥകളി നടൻ കലാമണ്ഡലം വിഷ്ണുമോന്റെ ശിഷ്യത്വം സ്വീകരിച്ചു. 20ദിവസമായിരുന്നു പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.