പത്തനംതിട്ട: ജില്ലയിൽ റാന്നി, കോന്നി വനം ഡിവിഷനുകളിലായി വ്യാപിച്ചുകിടക്കുന്ന 1300 ഹെക്ടർ വനമേഖലയിൽനിന്ന് വലിയ ഭീഷണിയാണ് കിഴക്കൻ മേഖലയിലെ കുടിയേറ്റ കർഷകർ അനുഭവിക്കുന്നത്.കടുവ, പുലി, ആന, കുരങ്ങ്, പന്നി തുടങ്ങിയവയാണ് വലിയ ഭീഷണി സൃഷ്ടിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ചുപേരുടെ ജീവനെടുത്ത വന്യജീവികൾ ജനജീവിതത്തെ അക്ഷരാർഥത്തിൽ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
കോന്നി ചെങ്ങറ സമരഭൂമിക്ക് സമീപം അതുമ്പുംകുളം ഞള്ളൂരിൽ അമ്മയെയും കുഞ്ഞിനെയും കാട്ടാന അടിച്ചുകൊന്നതാണ് ജില്ലയെ നടുക്കിയ വന്യജീവി ആക്രമണം. 2018ലാണ് കൊക്കാത്തോട് സ്വദേശി കിടങ്ങിൽ കിഴക്കേതിൽ രവിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. വനവിഭവം ശേഖരിക്കാൻ പോയ കൊക്കാത്തോട് സ്വദേശി ഷാജിയെ 2021ൽ കാട്ടാന കൊന്നിരുന്നു.
രണ്ടുവർഷം മുമ്പാണ് തണ്ണിത്തോട് മേടപ്പാറയിൽ റബർ സ്ലോട്ടർ കരാറുകാരൻ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. വനം വകുപ്പ് കടുവയെ പിടികൂടാൻ കുങ്കി ആനയെ വരെ എത്തിച്ച് തിരച്ചിൽ നടത്തുകയും കൂട് സ്ഥാപിക്കുകയും ചെയ്തിട്ടും പിടികൂടാൻ കഴിഞ്ഞില്ല.
2022 നവംബർ അവസാനം സീതത്തോട് കോട്ടമൺപാറയിൽ വൈദ്യുതി ലൈനിന്റെ അടിക്കാട് വെട്ടാൻ പോയ കെ.എസ്.ഇ.ബി കരാർ തൊഴിലാളി അനുകുമാറിന്റെ കാലുകൾ കടിച്ചുപറിച്ചു.കഷ്ടിച്ച് രക്ഷപ്പെട്ട അദ്ദേഹം നിരവധി വർഷം ചികിത്സയിലായിരുന്നു. ജില്ലയിലെങ്ങും വൻ ഭീഷണിയായ കാട്ടുപന്നികളുടെ അക്രമത്തിൽ നിരവധിപേർക്കാണ് പരിക്കേറ്റുകൊണ്ടിരിക്കുന്നത്.
തുടർച്ചയായ വന്യജീവി അക്രമങ്ങൾക്കിരയാകുന്നത് റാന്നി, കോന്നി താലൂക്കുകളിൽപെട്ട ജനവാസ മേഖലകളാണ്. വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകുന്നതിലും വനംവകുപ്പ് അലംഭാവം കാണിക്കുന്നു.
പലപ്പോഴും സമരങ്ങൾക്കും സമ്മർദങ്ങൾക്കും ഒടുവിലാണ് നഷ്ടപരിഹാരങ്ങൾ ലഭിക്കുന്നത്. അടുത്തിടെ പല സ്ഥലങ്ങളിലായി കണ്ട പുലി, കടുവ എന്നിവയെ പിടിക്കാൻ പെരുനാട്ടിലും കലഞ്ഞൂരിലും ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു.
കോന്നി: കോന്നിയുടെ മലയോര മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലും വന്യജീവി ആക്രമണം വർധിച്ചു. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇരുചക്ര വാഹനങ്ങളിൽ പോകുമ്പോൾ കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ സംഭവങ്ങളും അനവധിയാണ്.
2022ൽ തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കല്ലേലിയിലും അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുക്കുട്ടി ചത്തിരുന്നു. മേടപ്പാറയിൽ യുവാവിനെ കടുവ ആക്രമിച്ചു കൊന്നശേഷവും പുലിയുടെ സാന്നിധ്യം ഇവിടെ വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കോന്നിയുടെ വിവിധ മേഖലയിൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം തുടരുന്നുണ്ട്. വനാതിർത്തികളിൽ വനം വകുപ്പ് സൗരോർജ വേലികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്.
വന്യമൃഗങ്ങൾ ആക്രമിച്ച് ജീവൻ നഷ്ടപ്പെട്ട വളർത്ത് മൃഗങ്ങളും അനവധിയാണ്. മലയണ്ണാനും കുരങ്ങും അടക്കം നിരവധി ജീവികൾ കോന്നിയിൽ കർഷകർക്ക് നാശം വിതക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. എന്നിട്ടും ഇതിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നഷ്ടപരിഹാരമായി ലഭിക്കുന്നതും തുച്ഛമായ തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.