പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ച സി.പി.എം പ്രാദേശിക നേതാവായ അഭിഭാഷകനെ പാർട്ടി തരംതാഴ്ത്തി. പത്തനംതിട്ട കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ബി. ബിന്നിക്കെതിരെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി മുതൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ ഏകാധിപതിയായി ചിത്രീകരിക്കുന്ന ശബ്ദസന്ദേശമാണ് നടപടിക്ക് കാരണമായത്. പന്തളം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം വന്നത്. പിണറായിയുടെ നിലപാടുകൾ പാർട്ടിയെ തകർക്കും, ഏകാധിപതികളായ ഭരണാധികാരികൾ നിലംപതിച്ചിട്ടുണ്ട് എന്നീ പരാമർശങ്ങളാണ് വിവാദമായത്. പറഞ്ഞ വാക്കുകളുടെ പേരിൽ തനിക്കെതിരെ എന്ത് നടപടിയും എടുക്കാമെന്നും അഡ്വ. ബിന്നി സന്ദേശത്തിൽ പറഞ്ഞിരുന്നു.
സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച കമീഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. എന്നാൽ, ജോലിത്തിരക്ക് കാരണം സ്ഥാനം സ്വയം ഒഴിഞ്ഞെന്നാണ് ബിന്നിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.