പത്തനംതിട്ട: തീ വിലയുള്ള പച്ചക്കറി വാങ്ങി വിഷമിക്കേണ്ട, ഓണമുണ്ണാൻ ജൈവ പച്ചക്കറി കൃഷിയുമായി കൃഷി വകുപ്പ്. നിലവിൽ 200 ഹെക്ടറിലാണ് കൃഷി. ആദ്യഘട്ടത്തിൽ അത്യുൽപാദന ശേഷിയുള്ള 79,000 വിത്തുകൾ വിതരണം ചെയ്ത് കഴിഞ്ഞു വകുപ്പ്. ഒരു ലക്ഷം സീഡ് കിറ്റും 1.25 ലക്ഷം തൈകളും കൃഷി ഭവൻ വഴി വിതരണം നടന്നു. മലയോര പ്രദേശങ്ങളായ അടൂർ, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്നത്. വീട്ടിൽ കൃഷി ചെയ്ത് അവരവർ തന്നെ ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരിൽ അധികവും. ബാക്കി ഓണം ചന്തകളിൽ ലഭ്യമാക്കാറുമുണ്ട്. സെപ്തംബറിലേക്ക് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് അധിക വില നൽകി പച്ചക്കറി വാങ്ങി ബുദ്ധിമുട്ടുന്ന സാധാരണക്കാരന് ആശ്വാസമാകുന്ന പദ്ധതിയാണിത്.
പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
പച്ചക്കറി വിത്തുകളുടെ വിതരണം പൂർത്തിയായി. അതാത് കൃഷി ഭവനുകൾ വഴിയാണ് വിതരണം നടത്തിയത്. സെപ്തംബറിലേക്ക് വിളവെടുക്കാം. വീട്ടിൽ തന്നെ ഉപയോഗിക്കാനാണ് കൂടുതൽ ആളുകളും വിത്ത് വാങ്ങുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരും ഉണ്ട്.
നിലവിൽ കൃഷി -200 ഹെക്ടറിൽ
വിതരണം നടത്തിയ അത്യുൽപാദന ശേഷിയുള്ള വിത്തുകൾ -79000
സീഡ് കിറ്റ് -ഒരു ലക്ഷം
തൈകൾ -1.25 ലക്ഷം
അമ്പത്തിമൂന്ന് പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.